ശ്രീലങ്കയെ തകർത്ത് ദക്ഷിണാഫ്രിക്ക; അയൽരാജ്യങ്ങളുടെ പോരാട്ടം ഇന്ന്

ഡര്‍ഹാം: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഒന്‍പതു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. പോയിന്റുകളുടെ അഭാവത്തിൽ ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്ക ജയിച്ചിരുന്നെങ്കില്‍ സെമിപ്രതീക്ഷകൾ നിലനിർത്താമായിരുന്നു. ഇതോടെ ശ്രീലങ്കയുടെ സെമിപ്രതീക്ഷയും അസ്തമിച്ചു. ഇപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി ആറ് പോയിന്റാണ് ശ്രീലങ്കയ്ക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 203-ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതം നേടിയ കുശാല്‍ പെരേരയും ആവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ധനഞ്ജയ ഡിസിൽവ 24 റൺസും നേടി.
204 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെയും ഹാഷിം അംലയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിൽ 37.2 ഓവറില്‍ വിജയലക്ഷ്യം അനായാസം മറികടന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (15) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ലസിത് മലിംഗയ്ക്കായിരുന്നു വിക്കറ്റ്.
ഇന്ന്, ശനിയാഴ്ച രണ്ട് മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുന്നത്. ഈ രണ്ട് മത്സരങ്ങളും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പോരാണ്.
ഇന്ന് ആദ്യ കളിയിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനെയാണ് നേരിടുക. പാക് പട തോറ്റാല്‍ സെമിസാദ്ധ്യത മങ്ങും. ലീഡ്സില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ഇതടക്കം രണ്ട് മത്സരങ്ങളാണ് പാക്കിസ്ഥാന് ബാക്കിയുള്ളത്. ഇത് രണ്ടും ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും വേണം സെമിയിലെത്താൻ. അപരാജിതരായി വന്ന ന്യൂസീലാന്‍ഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍ ഇന്നിറങ്ങുക. എന്നാൽ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ആഘാതത്തിലാണ് അഫ്ഗാനിസ്ഥാൻ സംഘം.
അതേസമയം, ലോകകപ്പില്‍ ഇന്ന് മറ്റൊരു കളിയിൽ കഴിഞ്ഞ ലോകകപ്പിന്‍റെ ഫൈനലാണ് വീണ്ടും ആവര്‍ത്തിക്കുക. ഓസ്ട്രേലിയയും ന്യൂസീലാന്‍ഡുമാണ് വൈകീട്ട് 6 ന് ലോർഡ്‌സിൽ ഏറ്റുമുട്ടുക. ഇന്ത്യയോട് ഒഴികെ എല്ലാ മത്സരത്തിലും വിജയിച്ച ഓസ്ട്രേലിയ മികച്ച ഫോമിലാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ