• 16 Jul 2019
  • 06: 46 AM
Latest News arrow

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് 'അനില്‍ ബാബു'വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ 'അനഘ'യായിരുന്നു. പിന്നീട് 'പൊന്നരഞ്ഞാണം' എന്ന സിനിമയും ബാബു സംവിധാനം ചെയ്തു. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേര്‍ന്നത്. 1992ല്‍ 'മാന്ത്രികചെപ്പി'ലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. 

'മാന്ത്രികച്ചെപ്പ്', 'സ്ത്രീധനം', 'കുടുംബവിശേഷം', 'അരമനവീടും അഞ്ഞൂറേക്കറും', 'കളിയൂഞ്ഞാല്‍', 'പട്ടാഭിഷേകം' തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2004-ല്‍ 'പറയാം' എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍നിന്ന് വിട്ടുനിന്നു. 2013ല്‍ 'നൂറ വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.

മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തികവാടത്തില്‍ നടക്കും. യുവനടി ശ്രവണ മകളാണ്.