അപരാജിതരായി 'ടീം ഇന്ത്യ'; വിൻഡീസിനെതിരെ വമ്പൻ ജയം

മാഞ്ചസ്റ്റര്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓള്‍ഡ് ട്രഫോഡിൽ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 125 റണ്‍സിന്റെ വമ്പന്‍ ജയം. ഇന്ത്യൻ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും അര്‍ധ സെഞ്ചുറിയോടെ കരുത്തറിയിച്ച മത്സരത്തില്‍ ബൗളിംഗ് മികവിലാണ് നീലപ്പട വിജയം കൊയ്തത്. ഈ ലോകകപ്പിൽ തോല്‍വി അറിയാതെയുള്ള ഇന്ത്യയുടെ അഞ്ചാം മത്സരമാണിത്. ഇതോടെ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യക്ക് സാധിച്ചു. ഒരു മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കും.
സ്കോര്‍:
ഇന്ത്യ- നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268.
വെസ്റ്റ് ഇന്‍ഡീസ്- 34.2 ഓവറില്‍ 143 റണ്‍സിന് പുറത്ത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 268 റണ്‍സെടുത്തു. കോലി 82 പന്തില്‍ 72 റണ്‍സും ധോണി 61 പന്തില്‍ 56 റണ്‍സും പാണ്ഡ്യ 38 പന്തില്‍ 46 റണ്‍സുമെടുത്തു. റോച്ച് മൂന്നും കോട്‌റെലും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
വിജയലക്ഷ്യമായ 269 റണ്‍സിലേക്ക് ഏറെ പ്രതീക്ഷയുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമി കനത്ത ആഘാതം ഏല്‍പ്പിച്ചു. ആദ്യ പത്തോവര്‍ പിന്നിടും മുമ്പ് രണ്ട് വിക്കറ്റുകള്‍ ഷമി എറിഞ്ഞിട്ടു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. പാണ്ഡ്യയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഇതോടെ വിന്‍ഡീസ് നിരയുടെ പോരാട്ടം 34.2 ഓവറില്‍ 143 റണ്‍സില്‍ അവസാനിച്ചു.
31 റണ്‍സെടുത്ത സുനില്‍ ആംബ്രിസ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഗെയ്‌ല്‍(6), ഹോപ്(5), ഹെറ്റ്‌മയര്‍(18), ഹോള്‍ഡര്‍(6), ബ്രാത്ത്‌വെയ്റ്റ്(1) എന്നിവര്‍ തിളങ്ങിയില്ല. റോച്ച് 14 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇതോടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തി.
വമ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ഇന്ന് റിവർസൈഡ് ഗ്രൗണ്ടിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ