• 19 Sep 2019
  • 12: 16 AM
Latest News arrow

'ഒ.വി. വിജയന്‍ സാഹിത്യപുരസ്കാര'ങ്ങൾ വി.ജെ ജെയിംസിനും അയ്മനം ജോണിനും

പാലക്കാട്: ഒ .വി.വിജയന്റെ സ്മരണക്കായി ഒ .വി.വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒ.വി. വിജയന്‍ നോവല്‍ പുരസ്‌കാരം വി.ജെ. ജെയിംസ് എഴുതിയ 'ആന്റി ക്ലോക്ക്' എന്ന പുസ്തകവും ചെറുകഥയ്ക്കുള്ള പുരസ്‌കാരം അയ്മനം ജോണ്‍ എഴുതിയ 'അയ്മനം ജോണിന്റെ കഥകള്‍' എന്ന പുസ്തകവും നേടി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.

യുവകഥാ പുരസ്‌കാരം ആര്‍. പ്രഗില്‍നാഥ് എഴുതിയ 'പെണ്‍ചിലന്തി' എന്ന കഥയ്ക്കാണ്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.

ആഷാ മേനോൻ (ചെയർമാൻ ), ഡോ. സി.പി. ചിത്രഭാനു , രഘുനാഥൻ പറളി , കെ.പി.രമേഷ് എന്നിവരടങ്ങിയ പുരസ്‌കാര നിർണ്ണയ സമിതിയാണ് 120 ലേറെ നോവലുകൾ പരിശോധിച്ച് നോവൽ പുരസ്‌കാരം നിർണ്ണയിച്ചത് . ഇ.പി.രാജഗോപാലൻ (ചെയർമാൻ ), ടി.കെ.ശങ്കരനാരായണൻ , രാജേഷ് മേനോൻ, ഡോ. സി.ഗണേഷ് എന്നിവരടങ്ങിയ സമിതി 152 ചെറുകഥാസമാഹാരങ്ങൾ വായിച്ച് ചെറുകഥാ പുരസ്‌കാര ജേതാവിനെ കണ്ടെത്തി. 35 വയസ്സിൽ താഴെയുള്ള നൂറോളം യുവകഥാകൃത്തുക്കളുടെ കഥകൾ പരിശോധിച്ച ഡോ. പി.ആർ. ജയശീലൻ (ചെയർമാൻ), മോഹൻദാസ് ശ്രീകൃഷ്ണപുരം, രാജേഷ് മേനോൻ എന്നിവർ ചേർന്ന സമിതിയാണ് യുവകഥാ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ ജൂൺ 29 ശനിയാഴ്ച രാവിലെ 10:30ന്  നടക്കുന്ന ചടങ്ങില്‍ സാഹിത്യപുരസ്‌കാരങ്ങള്‍ നല്‍കും.

ഇതോടനുബന്ധിച്ച് കെട്ടിട സമുച്ചയ ഉദ്ഘാടനം, ഋതുക്കൾ – ഫോട്ടോ പ്രദർശനം, ലഘുഭക്ഷണശാല ഉദ്ഘാടനം, ഉപഹാരശാല ഉദ്ഘാടനം, പുസ്തകശാല ഉദ്ഘാടനം എന്നിവയും നടക്കും.

സ്മാരകസമിതി സെക്രട്ടറി ടി.ആര്‍. അജയന്‍, പുരസ്‌കാരനിര്‍ണയ സമിതി ഭാരവാഹികളായ രഘുനാഥന്‍ പറളി, ടി.കെ. ശങ്കരനാരായണന്‍, രാജേഷ് മേനോന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.