• 19 Sep 2019
  • 12: 28 AM
Latest News arrow

യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോൾഡ് കാർഡ് വിസ ഇതുവരെ സ്വന്തമാക്കിയത് നാനൂറ് പേർ

ദുബായ്: യുഎഇയില്‍ വിദേശികൾക്ക് സ്ഥിരതാമസത്തിന് സ്‌പോണ്‍സര്‍ വേണ്ടാത്ത ഗോള്‍ഡ് കാര്‍ഡ് വിസ നാനൂറ് പേര്‍ സ്വന്തമാക്കിയതായി ദുബായ് താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. പത്ത് വര്‍ഷം കൂടുമ്പോൾ പുതുക്കി നല്‍കുന്ന സംവിധാനമാണ് ഗോള്‍ഡ് കാര്‍ഡ് വിസയ്ക്കുള്ളത്. ഈ കാര്‍ഡ് ഉള്ളവര്‍ക്ക് രാജ്യത്തിന് അകത്തേക്കും പുറത്തേക്കും  ഇഷ്ടാനുസരണം സഞ്ചരിക്കാം.

യുഎഇയില്‍ കഴിയുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഉള്ള മികച്ച അവസരമാണ് ഗോള്‍ഡ് കാര്‍ഡ് വിസയിലൂടെ ലഭിക്കുന്നതെന്ന് ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മത് അല്‍ മറി പറഞ്ഞു.

ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ കണക്കിലെടുത്താണ് പത്ത് വര്‍ഷത്തെ കാലാവധി. താമസ വിസക്കാര്‍ ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു നില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന ഗോള്‍ഡ് കാര്‍ഡിന് ബാധകമല്ല.

ഈ വര്‍ഷം അവസാനത്തോടെ, 6,800 പേര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കാന്‍ ആണ് യുഎഇ ലക്ഷ്യമിടുന്നത്. കൂടാതെ വിവിധ കാലയളവുകളിലേക്കുള്ള ദീര്‍ഘകാല വിസകളും അനുവദിക്കുന്നുണ്ട്.