• 19 Sep 2019
  • 12: 14 AM
Latest News arrow

നിലവിലെ ചാമ്പ്യന്മാരിൽ നിന്നും പ്രഹരമേറ്റ് ആതിഥേയർ; ഇംഗ്ലണ്ടിന്റെ സെമിപ്രതീക്ഷയ്ക്ക് മങ്ങൽ; പാക്കിസ്ഥാന് ബുധനാഴ്ചത്തെ കളി നിർണ്ണായകം

ലണ്ടന്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയിൽ നിന്നും പരാജയം ഏറ്റുവാങ്ങി ആതിഥേയരും കരുത്തരുമായ ഇംഗ്ലണ്ട്. നേരത്തേ, പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയില്‍ നിന്നും ലഭിച്ച അപ്രതീക്ഷിത അടിയുടെ ആഘാതത്തില്‍ ഓസീസിന് മുന്നിലിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് വമ്പന്‍ തോല്‍വിയാണുണ്ടായത്. 64 റണ്‍സിന്‍റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. 286 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 221 റണ്‍സിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഇംഗ്ലണ്ടിന്റെ സെമിപ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ഇംഗ്ലണ്ടിന് നിർണ്ണായകമാണ്. ഇന്ത്യയും ന്യൂസീലാൻഡുമാണ് അടുത്ത മത്സരങ്ങളിലെ എതിരാളികള്‍. 

ലോർഡ്‌സിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയക്കെതിരെ 286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് പത്തോവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. 115 പന്തില്‍ 89 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്‍റെ ഒറ്റയാള്‍ പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്.  ഓസ്ട്രേലിയക്ക് വേണ്ടി ജേസണ്‍ ബെഹറന്‍ഡോറഫ് പത്ത് ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

സ്കോര്‍: ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 285
ഇംഗ്ലണ്ട് 44.3 ഓവറില്‍ 221 റണ്‍സിന് പുറത്ത്

ഇംഗ്ലണ്ട് ടീമിന് ഇത് എന്ത് സംഭവിച്ചു എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. എതിര്‍ ടീം 400 റണ്‍സ് എടുത്താലും പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലീഷ് താരങ്ങള്‍ ലോകകപ്പിനെത്തിയത്. 

ലോകകപ്പില്‍ ഇന്ന് ബുധനാഴ്ച, പാക്കിസ്ഥാന് ന്യൂസീലാൻഡിനെതിരെ നിര്‍ണായക മത്സരമാണ്.  ബര്‍മിംഗ്ഹാം എഡ്ഗ്ബാസ്റ്റൺ ഗ്രൗണ്ടിലാണ് കളി. ആറ് കളിയിൽ അഞ്ച് പോയിന്‍റുമായി നിലവില്‍ ഏഴാം സ്ഥാനത്തുള്ള പാക്കിസ്ഥാന് സെമിസാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. അതേസമയം, ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസീലാൻഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമിപ്രവേശനം ആഘോഷിക്കാം.

ലോകകപ്പില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‍ ആറിലും ന്യുസീലാൻഡ് രണ്ട് മത്സരങ്ങളിലുമാണ് ജയം നേടിയിട്ടുള്ളത്.