• 16 Oct 2019
  • 09: 42 PM
Latest News arrow

"എനിക്ക് ഇനിയും വേദന സഹിക്കാന്‍ വയ്യ": 'ട്രീമാന്‍ സിന്‍ഡ്രോം' ബാധിച്ച കൈകള്‍ മുറിച്ച് മാറ്റണമെന്ന് യുവാവ്

ധാക്ക: മരക്കമ്പുകള്‍ പോലെ കൈകള്‍ വളരുന്ന അസുഖം ബാധിച്ച യുവാവ് തന്റെ കൈകള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത്. ബംഗ്ലാദേശുകാരനായ അബുള്‍ ബജന്ദര്‍ എന്ന യുവാവാണ് 'ട്രീമാന്‍ സിന്‍ഡ്രോം' എന്ന അപൂര്‍വ രോഗത്തിന് അടിമയായത്. ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറ വളര്‍ച്ചയാണ് 'ട്രീമാന്‍ സിന്‍ഡ്രോം'.

2016 മുതല്‍ 25 ഓളം ശസ്ത്രക്രിയകളാണ് അരിമ്പാറ നീക്കം ചെയ്യാന്‍ ബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി ചെയ്തത്.
എന്നാല്‍ ബജന്ദറിന് രോഗം ഭേദമായില്ല. അതിനാല്‍ തന്റെ കൈകള്‍ മുറിച്ചുകളയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

"ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കൈകള്‍ മുറിച്ചു കളയുമോ എന്ന് ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ"- ബജന്ദര്‍ പറഞ്ഞു. മാതാവ് ആമിന ബീബിയും മകന്റെ വാക്കുകളെ പിന്തുണക്കുകയാണ്. അങ്ങനെയെങ്കിലും തന്റെ മകന് വേദനയില്ലാതെ കഴിയാമല്ലോ എന്നാണ് ആ അമ്മയും പറയുന്നത്. വിദേശത്ത് പോയാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അവിടെയും പണം പ്രശ്‌നമാണ്. 

ലോകത്ത് ഏതാണ്ട് അരഡസന്‍ ആളുകള്‍ക്കേ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. 2017-ല്‍ ഇതേ രോഗമുള്ള ഒരു പെണ്‍കുട്ടിയെ ബംഗ്ലാദേശില്‍ ശസ്ത്രക്രിയയിലൂടെ ഭേദമാക്കിയിരുന്നു. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.