• 22 Sep 2023
  • 03: 48 AM
Latest News arrow

അഫ്ഗാനെ ബംഗ്ലാദേശും തോൽപ്പിച്ചു; ചൊവ്വാഴ്ച ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ സൂപ്പർ പോരാട്ടം

സതാംപ്‌ടണ്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം. ബംഗ്ലാദേശിന്‍റെ 262 റണ്‍സ് പിന്തുടര്‍ന്ന അഫ്‌ഗാന് 47 ഓവറില്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗില്‍ 51 റണ്‍സെടുത്ത  ഷാക്കിബ് അല്‍ ഹസൻ 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്‌ത്തി ഓള്‍റൗണ്ട് മികവ് തെളിയിച്ചു. ഷാക്കിബിനെ കൂടാതെ മുസ്‌താഫിസുര്‍ രണ്ടും സൈഫുദ്ധീനും മൊസദേക്കും ഓരോ വിക്കറ്റും നേടി.

സ്‌കോര്‍: ബംഗ്ലാദേശ് 262/7(50), അഫ്‌ഗാനിസ്ഥാന്‍ 200/10 (47).

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്, മുഷ്‌ഫീഖുറിന്‍റെയും ഷാക്കിബിന്‍റെയും അര്‍ദ്ധ സെഞ്ചുറിയില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 262 റണ്‍സെടുത്തു. മുഷ്‌ഫീഖുറും മഹമുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. അഫ്‌ഗാനായി മുജീബ് ഉര്‍ റഹ്‌മാന്‍ മൂന്നും ഗുല്‍ബാദിന്‍ നൈബ് രണ്ടും ദൗലത്ത് സദ്രാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍  ഗുല്‍ബാദിന്‍ നൈബും റഹ്‌മത്ത് ഷായും അഫ്‌ഗാന് മികച്ച തുടക്കം നൽകിയെങ്കിലും 24 റണ്‍സെടുത്ത റഹ്‌മത്ത് ഷായെ 11-ാം ഓവറില്‍ ഷാക്കിബ് പുറത്താക്കിയതോടെ കളിയുടെ ഗതി  മാറുകയും ബംഗ്ലാദേശിന് അനുകൂലമാവുകയും ചെയ്തു.

ഇതുവരെയുള്ള  7 മത്സരങ്ങളിലും പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ പോയിന്റൊന്നുമില്ലാതെ പട്ടികയിൽ അവസാന സ്ഥാനത്താണ്. പാക്കിസ്ഥാനുമായും വെസ്റ്റ് ഇൻഡീസുമായും ഓരോ മത്സരമാണ് ഇനി അഫ്ഗാനിസ്ഥാന് ഉള്ളത്. 

ലോകകപ്പിൽ ചൊവ്വാഴ്ച ലോർഡ്‌സിൽ സൂപ്പർ പോരാട്ടമാണ് നടക്കുക. ആതിഥേയരും കരുത്തരുമായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുക. ലോകകപ്പിലെ സൂപ്പർ താരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടവും ഈ മത്‌സരത്തിൽ കാണാം