• 18 Nov 2019
  • 10: 25 AM
Latest News arrow

അഫ്ഗാനെതിരെയുള്ള വിജയം; അഭിനന്ദനവുമായി സച്ചിൻ

സതാംപ്‌ടണ്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിയ ടീം ഇന്ത്യയേയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും അഭിനന്ദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ.

അഫ്‌ഗാനിസ്ഥാനെതിരേ  വിരാട് കോലി നായകനെന്ന നിലയിലും ബാറ്റിംഗിലും മികവ് കാട്ടിയെന്നും ഒരിക്കല്‍ പോലും സമ്മര്‍ദ്ദത്തിലായില്ലെന്നും സച്ചിന്‍ പറഞ്ഞു. "വിരാട് മത്സരത്തില്‍ എപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു. ഒരിക്കല്‍ പോലും പരിഭ്രാന്തിയിലോ ആശയക്കുഴപ്പത്തിലോ ആയില്ല. കോലിയുടെ ശരീരഭാഷയും ഫൂട്ട് വര്‍ക്കും അത് വ്യക്തമാക്കി. ദുഷ്‌കരമായ പിച്ചില്‍ കോലി നന്നായി ബാറ്റ് ചെയ്തു"-സച്ചിൻ പറഞ്ഞു. ബാറ്റിംഗില്‍ കോലിയുടെ മികച്ച തുടക്കങ്ങളിലൊന്നായിരുന്നു അഫ്‌ഗാനെതിരെയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

അവസാന ഓവര്‍ ത്രില്ലിൽ മുഹമ്മദ് ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ അഫ്‌ഗാനെതിരായ മത്സരം 11 റണ്‍സിന് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ അഫ്‌ഗാന്‍ ബൗളിംഗ് കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സിലൊതുക്കി. വിരാട് കോലി(67), കേദാര്‍ ജാദവ്(52) എന്നിവരാണ് ഇന്ത്യയെ  കാത്തത്. രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. നൈബും നബിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ ഷമി തുടക്കത്തിൽ തന്നെ ഓപ്പണര്‍ ഹസ്‌റത്തുള്ളയെ(10) മടക്കി. നൈബ്(27), റഹ്‌മത്ത്(36), ഷാഹിദി(21), നജീബുള്ള(21) എന്നിവരും  പുറത്തായെങ്കിലും അര്‍ദ്ധ സെഞ്ചുറിയുമായി മുഹമ്മദ് നബി അഫ്‌ഗാന് വിജയ പ്രതീക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ 49-ാം ഓവറില്‍ ബുമ്ര മത്സരം ഇന്ത്യയ്ക്കനുകൂലമാക്കുകയും അവസാന ഓവറില്‍  ഷമി ഹാട്രിക്കുനേടി ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്തു. അഫ്‌ഗാന്‍ 213 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു.