• 19 Sep 2019
  • 12: 27 AM
Latest News arrow

വിദേശികളുടെ എണ്ണം കുറയ്ക്കാൻ കർശന നടപടികളുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശികളുടെ എണ്ണം കുറയ്ക്കാൻ കർശന നടപടികളുമായി കുവൈറ്റ്. ഇതിനായി നടപടികൾക്ക് നേതൃത്വം നൽകുന്ന മന്ത്രിസഭാസമിതി പഠനം തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെയും, മാൻ പവർ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് മന്ത്രിസഭാസമിതി പഠനം ആരംഭിച്ചത്.

കുവൈറ്റിൽ സ്വദേശികളുടേയും വിദേശികളുടേയും എണ്ണത്തിലെ അന്തരം കുറച്ച് കൊണ്ടുവരികയാണ് സമിതിയുടെ പ്രധാന ദൗത്യം. പാർലമെന്‍റും വിവിധ മന്ത്രാലയങ്ങളും സമർപ്പിച്ച നിർദ്ദേശങ്ങളും സമിതി പരിശോധിക്കും. 65 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് ഇഖാമ പുതുക്കി നൽകേണ്ടതില്ലന്നതടക്കം 10 നിർദ്ദേശങ്ങളാണ് മന്ത്രിസഭാസമിതിക്ക് മുന്നിലുള്ളത്.

അഞ്ച് വർഷത്തേക്ക് വിസാ മാറ്റം കർശനമായി നിരോധിക്കുക, ഇതിനിടയിൽ വിസാ മാറ്റത്തിന് മുതിർന്നാൽ നാട്ടിലേയ്ക്ക് മടക്കി അയക്കുക, സർക്കാർ മേഖലയിലേക്ക് ലോക്കൽ റിക്രൂട്ട്മെന്റ് നടത്തുക, 65 വയസ് കഴിഞ്ഞ വിദേശികളെ മടക്കി അയക്കുക, ഇഖാമ ഫീസ് വർദ്ധിപ്പിക്കുക, വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുക, നിയമം ലംഘിക്കുന്ന തൊഴിലാളികൾക്ക് കടുത്ത ശിക്ഷ നൽകുക തുടങ്ങിയവയാണ് സമിതിക്ക് മുന്നിലുള്ള പ്രധാന നിർദ്ദേശങ്ങൾ.