• 26 Aug 2019
  • 02: 58 AM
Latest News arrow

ലൂസിഫറിന്റെ രണ്ടാം ഭാഗം; 'എമ്പുരാന്‍' വരുന്നു

മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു. 'എമ്പുരാന്‍' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലം പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.

ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്റെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്, പൃഥ്വിരാജ് പറഞ്ഞു.

'എമ്പുരാന്‍' എന്നത് സത്യത്തില്‍ വളരെ കുറച്ചു  മാത്രം ഉപയോഗിക്കുന്നത് കൊണ്ട് വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന വാക്കാണ്. തമ്പുരാനല്ല എമ്പുരാന്‍. എമ്പുരാന്‍ എന്ന് പറയുന്നത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു പ്രതിഭാസമാണ്. 'എമ്പുരാന്‍' എന്നത് ഒരു രാജാവിനേക്കാള്‍ മുകളിലാണ്. എന്നാല്‍ ദൈവത്തെക്കാള്‍ താഴ്ന്നവനുമാണ്. 'ദി ഓവര്‍ലോര്‍ഡ്'- അതാണ് എമ്പുരാന്റെ ശരിയായ അര്‍ഥം. പൃഥ്വിരാജ് പറയുന്നു.

അടുത്ത വര്‍ഷം പകുതിയോടെ ജോലികള്‍ തുടങ്ങും. റിലീസ് ഡേറ്റ് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഷൂട്ടിങ് എവിടെയാണ്, എങ്ങനെയാണ് എന്നതിനെപ്പറ്റിയൊക്കെ ഞങ്ങള്‍ക്ക് ധാരണയുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ചിത്രീകരണത്തിന് അനുമതി വേണ്ടിവരും. ലൊക്കേഷനുകളിലേക്ക് ഒരു വലിയ യൂണിറ്റുമായി സഞ്ചരിക്കേണ്ടിവരുന്നതിന്റെ വെല്ലുവിളിയാണ് മറ്റൊരു കാര്യം. പിന്നെ, നമുക്ക് ആവശ്യമുള്ള നടീനടന്മാരുടെ സമയം. അതിനെക്കുറിച്ചൊന്നും സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൃത്യമായി ഒരു ഐഡിയ ഇല്ല. പൃഥ്വി പറയുന്നു.

ലാലേട്ടനും മറ്റ് കമ്മിറ്റ്‌മെന്റുകളുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന 'ബറോസ്' എന്നൊരു വലിയ പ്രോജക്ട് അതിനുമുന്‍പ് ചെയ്യാനുണ്ട്. മുരളി തിരക്കഥയെഴുതി, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് ഞാനഭിനയിക്കുന്ന ഒരു സിനിമയും ഇതിനുമുന്‍പ് തീര്‍ക്കാനുണ്ട്. ലൂസിഫറിനെക്കാള്‍ വലിയ സിനിമയായിരിക്കും 'എമ്പുരാന്‍'. അതിനാല്‍ത്തന്നെ ഷൂട്ടിന് മുന്‍പുള്ള ജോലികളാണ് കൂടുതല്‍. ലൂസിഫറിന്റെ കാര്യത്തില്‍ ഏറ്റവും എളുപ്പമുള്ള ഭാഗം ഷൂട്ടിങ് ആയിരുന്നു. ചിത്രീകരണത്തിന് ആറ് മാസം മുന്‍പ് നടന്ന തയാറെടുപ്പാണ് അതിനെ അത്ര എളുപ്പമാക്കിയത്. പൃഥി വ്യക്തമാക്കി.

ലൂസിഫറില്‍ ഒരു അതിഥി വേഷം പോലെ പ്രത്യക്ഷപ്പെട്ട സയിദ് മസൂദ് എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി നല്‍കി. സയിദ് മസൂദ് ലൂസിഫറില്‍ കണ്ടതുപോലെ ഒരു ചെറിയ കഥാപാത്രമല്ല, സ്റ്റീഫന്റെയോ ഖുറേഷിയുടെയോ ജീവിതത്തില്‍. ഇപ്പോള്‍ ഇത്രയുമേ പറയാനാവൂ. പൃഥ്വിരാജ് പറഞ്ഞു. സാങ്കേതിക മേഖലകളില്‍ ലൂസിഫര്‍ ടീം തന്നെ ആയിരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.