• 19 Sep 2019
  • 12: 24 AM
Latest News arrow

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറായി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഓം ബിര്‍ളയെ (57) പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഐക്യകണ്‌ഠേനേയാണ് അദ്ദേഹം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്ദേഹത്തെ സ്പീക്കറായി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.

ഓം ബിര്‍ളയെ ലോക്‌സഭാ സ്പീക്കറായി ലഭിച്ചതില്‍ സഭയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹത്തെ അനുമോദിക്കുന്നതായും പ്രധാനമന്ത്രി മോദി അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. സാമാജികന്‍ എന്ന നിലയില്‍ വലിയ സംഭാവനകളാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി.

ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുന്‍പ് മൂന്ന് തവണ അദ്ദേഹം എംഎല്‍എയുമായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു. കോട്ട മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായാണ് ഓം ബിര്‍ള അറിയപ്പെടുന്നത്.