• 16 Jul 2019
  • 06: 48 AM
Latest News arrow

ബിനോയ് കോടിയേരിയോട് മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് സൂചന

ന്യൂഡല്‍ഹി: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്ന് മുംബൈ പോലീസ്. മുംബൈ ഓഷിവാര പോലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്. ബിനോയ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. 

അതേസമയം ബിനോയിക്കെതിരായ യുവതിയുടെ  പരാതി ആദ്യം സിപിഎം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. പോലീസിനെ സമീപിക്കുന്നതിന് മുമ്പേയാണ് പാര്‍ട്ടി നേതൃത്വത്തിന് യുവതി പരാതി നല്‍കിയതെന്നാണ് വിവരം. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്.

ഇക്കാര്യം സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. വ്യക്തിപരമായ വിഷയമായതിനാല്‍ അനൗപചാരിക ചര്‍ച്ചകളാണ് നടന്നത്.  യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും  സൂചനയുണ്ട്. പരാതി വ്യക്തിപരമായതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ട്ടി നേതാക്കള്‍ ആരും വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. 

എന്നാല്‍ പരാതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. ആരോപണം ഉയര്‍ന്ന സാഹചര്യം എന്താണെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും കേസില്‍ സിപിഎം ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

 ബിനോയിക്കെതിരായ പരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കും. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാനും സാധ്യതയുണ്ട്.