• 16 Jul 2019
  • 06: 48 AM
Latest News arrow

ജൂറി തീരുമാനം അന്തിമം; കാർട്ടൂൺ പുരസ്ക്കാരം പുനഃപരിശോധിക്കില്ലെന്ന് അക്കാദമി

തൃശ്ശൂർ: ഏറെ വിവാദങ്ങൾക്ക് വഴി വെച്ച ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാരത്തിന് മാറ്റമില്ല. അവാർഡ് പുനഃപരിശോധിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം ലളിതകലാ അക്കാദമിയുടെ ഭാരവാഹികൾ  തള്ളി. ജൂറി തീരുമാനം അന്തിമമാണെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.

ജലന്ധർ ബിഷപ്പായിരുന്ന, കേസുകളിൽപ്പെട്ട ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട വിഷയം ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചതോടെയാണ്  വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹപ്രസിദ്ധീകരണമായ 'ഹാസ്യകൈരളി'യിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. കാർട്ടൂണിനെതിരെ വിവിധ സംഘടനകൾ രംഗത്ത് വന്നതോടെയാണ് അവാർഡ് പുനഃപരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദ്ദേശിച്ചത്.

സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാംസ്കാരിക മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങൾ  ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു.