• 26 Aug 2019
  • 02: 49 AM
Latest News arrow

'വർമ്മ' 'ആദിത്യ വർമ്മ'യായി; ധ്രുവ് വിക്രമിന്റെ അരങ്ങേറ്റത്തിനൊരുങ്ങി തമിഴ് ചലച്ചിത്രലോകം

തെന്നിന്ത്യൻ നായകൻ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ആദിത്യ വര്‍മ്മ' യുടെ ടീസര്‍ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം 'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് പതിപ്പാണ് 'ആദിത്യ വര്‍മ്മ'. 'അര്‍ജുന്‍ റെഡ്ഡി'യുടെ സഹസംവിധായകനായിരുന്ന ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തെലുങ്കില്‍ വന്‍ വിജയം നേടിയ 'അര്‍ജ്ജുന്‍ റെഡ്ഡി'(2017)യുടെ തമിഴ്‌ ഔദ്യോഗിക റീമേക്ക്‌ ആയി 'വര്‍മ്മ' എന്ന പേരിലാണ് ആദ്യം ചിത്രം തുടങ്ങിയത്.  'സേതു',  'പിതാമഹൻ',  'നാന്‍ കടവുൾ' തുടങ്ങിയവയൊക്കെയൊരുക്കിയ, തമിഴ് ചലച്ചിത്രലോകത്തെ സീനിയറായ ബാലയായിരുന്നു 'വര്‍മ്മ'യുടെ സംവിധായകന്‍. എന്നാൽ ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്‌തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ്‌ ചെയ്യുന്നില്ലെന്നും നിര്‍മ്മാതാക്കളായ 'ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ്‌' അറിയിച്ചതോടെ ചിത്രത്തിൽനിന്ന് ബാല പിൻമാറി. ആദ്യംമുതൽ വീണ്ടും ചിത്രീകരിക്കുമെന്നും ധ്രുവ് വിക്രം തന്നെയായിരിക്കും നായകനെന്നും 'ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ്‌' അറിയിച്ചിരുന്നു.

ക്രിയേറ്റീവ്‌ ആയതും അല്ലാത്തതുമായ കാരണങ്ങളാല്‍, ചിത്രീകരണം പൂര്‍ത്തിയാക്കിയ 'വർമ്മ'യുടെ പതിപ്പ്‌ റിലീസ്‌ ചെയ്യേണ്ടെന്നാണ്‌ തീരുമാനമെന്നും പകരം ആദ്യം മുതല്‍ വീണ്ടും തുടങ്ങുമെന്നും  'ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ്‌' വ്യക്തമാക്കിയിരുന്നു. ഒറിജിനലിന്റെ ആത്മാവിനോട്‌ നീതി പുലര്‍ത്തുന്ന ഒരു പുതിയ തമിഴ്‌ റീമേക്ക്‌ ചിത്രീകരിക്കുമെന്നും ഏറെ നഷ്ടമുണ്ടാക്കിയ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക്‌ ശേഷവും ഈ ചിത്രം തമിഴില്‍ പുറത്തിറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

തെലുങ്ക്‌ ഒറിജിനല്‍ ആയിരുന്ന 'അര്‍ജ്ജുന്‍ റെഡ്ഡി'യുടെയും നിര്‍മ്മാതാക്കളായിരുന്നു 'ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ്‌'. എന്നാല്‍ ചിത്രത്തിന്റെ തമിഴ്‌ റീമേക്കിന്‌ 'ബി സ്റ്റുഡിയോസ്‌' എന്ന മറ്റൊരു സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. സിനിമ പൂര്‍ത്തിയാക്കി ഫൈനല്‍ കോപ്പി കൈമാറുക എന്നതായിരുന്നു കരാറെന്ന്‌ 'ഇ 4 എന്റര്‍ടെയ്‌ന്‍മെമെന്റ്' വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

തുടർന്ന് ഗിരീസായ സംവിധാനച്ചുമതല ഏറ്റെടുക്കുകയും ധ്രുവിനെ തന്നെ നായകനാക്കി 'ആദിത്യ വർമ്മ' എന്ന പേരിൽ രണ്ടാമതും ചിത്രീകരിക്കുകയുമായിരുന്നു.

ബനിത സന്ധുവാണ് 'ആദിത്യ വര്‍മ്മ'യിൽ ധ്രുവിന്റെ നായികയായി വേഷമിടുന്നത്. 'ഒക്ടോബര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. 'വർമ്മ'യിലെ നായികയായിരുന്ന ബംഗാളി നടി മേഘ്‌ന ചൗധരിയെ മാറ്റിയാണ് ബനിത സന്ധുവിനെ നായികയായി തെരഞ്ഞെടുത്തത്. അതുപോലെ 'വര്‍മ്മ'യില്‍ നിന്ന് മാറ്റിയ നടി റെയ്സ ചെയ്ത വേഷം പ്രിയ ആനന്ദാണ് ചെയ്യുന്നത്.

'അർജ്ജുൻ റെഡ്‌ഡി'യുടെ ഹിന്ദിപ്പതിപ്പ് 'കബീർ സിംഗ്', ഷാഹിദ് കപൂർ നായകനായി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സന്ദീപ് വംഗ യാണ് ഹിന്ദിപ്പതിപ്പ് സംവിധാനം ചെയ്തത്.