• 19 Sep 2019
  • 12: 17 AM
Latest News arrow

വിവാഹത്തിന് വിസമ്മതിച്ച കാമുകനുനേരെ കാമുകിയുടെ ആസിഡാക്രമണം

ന്യൂദല്‍ഹി: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ വിസമ്മതിച്ചാൽ അവർക്കുനേരെ ആസിഡാക്രമണം നടത്തുന്ന പുരുഷന്മാരെക്കുറിച്ചുള്ള വാർത്ത വരുന്ന ഉത്തരേന്ത്യയിൽ നിന്നും (വർത്തമാനകാലത്ത് കേരളത്തിൽനിന്നും വരുന്നത് പെട്രോളൊഴിച്ച് കത്തിക്കുന്ന വാർത്തകളാണ്) മറിച്ചൊരു വാർത്ത

വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ച സംഭവമാണ് ദല്‍ഹി വികാസ്പുരിയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യുവാവിനും യുവതിക്കും എതിരെ ആസിഡാക്രമണമുണ്ടായെന്ന വിവരം ജൂണ്‍ 11-നാണു പൊലീസിനു  ലഭിക്കുന്നത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ കൈയില്‍ ചെറിയ പൊള്ളലും യുവാവിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായ പൊള്ളലുമാണ് കണ്ടത്. ബൈക്കില്‍ പോകുന്നതിനിടെ ആരോ തങ്ങള്‍ക്കു നേരെ ആസിഡ് ഒഴിച്ചതാണെന്നാണ് ഇരുവരും മൊഴി നല്‍കിയത്.

എന്നാല്‍ യാത്രയ്ക്കിടെ ഹെല്‍മറ്റ് ഊരിമാറ്റാന്‍ യുവതി ആവശ്യപ്പെട്ടെന്ന യുവാവിന്റെ മൊഴിയിൽ പൊലീസിനു സംശയം തോന്നി. തുടര്‍ന്നു നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യാഥാർത്ഥ്യം പുറത്തുവരുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സൗകര്യപൂര്‍വം തൊടാന്‍ കഴിയുന്നില്ലെന്ന് യുവതി യുവാവിനോട് പറയുകയായിരുന്നു. തുടർന്ന് യുവാവ് ഹെല്‍മറ്റ് ഊരി മാറ്റിയ സമയത്ത് യുവതി  ആസിഡ് ഒഴിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവത്രെ. എന്നാൽ അടുത്തിടെ ബന്ധം അവസാനിപ്പിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവതിയാവട്ടെ വിവാഹം എന്ന ആവശ്യത്തില്‍ വാശിപിടിക്കുകയും യുവാവിന്റെ മുഖം വികൃതമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നീട് വീട്ടില്‍ നിലം കഴുകാന്‍ ഉപയോഗിക്കുന്ന ആസിഡ് ലായനി ബാഗിനുള്ളിൽ ഒളിപ്പിച്ച ശേഷം യുവാവിനെ വിളിച്ചുവരുത്തി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. സന്ദർഭം ഒത്തുവന്നപ്പോൾ യുവതി യുവാവിനുനേരെ ആസിഡാക്രമണം നടത്തി.

സത്യാവസ്ഥ മനസ്സിലാക്കിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.