• 16 Jul 2019
  • 06: 51 AM
Latest News arrow

മലയത്ത് അപ്പുണ്ണിയ്ക്കും അനൂജ അകത്തൂട്ടിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം

ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക് ലഭിച്ചു. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ' സാഹിത്യപുരസ്‌കാരം അനൂജ അകത്തൂട്ടിനാണ്. 'അമ്മ ഉറങ്ങുന്നില്ല' എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

ഇളവൂര്‍ ശ്രീകുമാര്‍, ഡോ. കെ.എസ്. രവികുമാര്‍, യു.എ. ഖാദര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ബാലസാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്. ഡോ. ഗീത പുതുശ്ശേരി, ഡോ. പി.എസ്. രാധാകൃഷ്ണന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരാണ്  'യുവ' സാഹിത്യ പുരസ്‌കാരം നിർണ്ണയിച്ചത്.

2010-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക് ലഭിച്ചിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1997-ലെ കവിതയ്ക്കുളള അവാര്‍ഡ് അദ്ദേഹത്തിന്റെ 'തേന്‍തുളളികള്‍' എന്ന കൃതിയ്ക്ക് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 1998-ലെ ബാലസാഹിത്യ കൃതിയ്ക്കുളള അവാര്‍ഡ് 'കമ്പിളിക്കുപ്പായ'ത്തിന് ലഭിച്ചു. 'പച്ചിലയുടെ ചിരി' എന്ന കവിതാസമാഹാരത്തിന് 2010-ലെ കൃഷ്ണഗീതി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

ബാലസാഹിത്യ പുരസ്‌കാരം 22 ഭാഷകളിലും യുവ സാഹിത്യ പുരസ്കാരം 23 ഭാഷകളിലുമായാണ് നൽകുന്നത്.