• 27 May 2020
  • 09: 03 PM
Latest News arrow

കൊള്ളേണ്ടിടത്ത് കൊള്ളുന്ന 'ഉണ്ട'

മാവോയിസ്റ്റുകളെ വോട്ടയാടുകയും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊല്ലുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ ആയുധങ്ങളാണ് പൊലീസുകാര്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ വിശേഷണം ഒരു തരത്തിലും ചേരാത്ത കുറേ പൊലീസുകാരുടെ കഥയാണ് 'ഉണ്ട' എന്ന സിനിമ പറയുന്നത്. ഇവരെ ചൂണ്ടിക്കാട്ടി ഇതാണ് കേരള പൊലീസ് എന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല, പക്ഷേ ഇങ്ങിനെയുള്ളവരാണ് കേരള പൊലീസില്‍ അധികവും എന്നതായിരിക്കും വാസ്തവം. 

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഒരു പ്രദേശത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ട ഒരു സംഘം പൊലീസുകാരുടെ കഥയാണ് 'ഉണ്ട' പറയുന്നത്. കേരളത്തില്‍ നിന്ന് പോയ പൊലീസുകാര്‍ പല സംഘങ്ങളായി തിരിഞ്ഞ് ഓരോ ബൂത്തുകളിലായി നിയോഗിക്കപ്പെടുന്നു. മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ ഒരിടത്താണ് മണി എന്ന കമാന്‍ഡിങ് എസ്‌ഐയും (മമ്മൂട്ടി) ഒരു സംഘം സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും നിയോഗിക്കപ്പെട്ടിരിക്കുന്നത്. 

കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറഞ്ഞാണ് ചിത്രം മുന്നോട്ട് പോകുന്നത്. കേരള പൊലീസിന്റെ അവസ്ഥയെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് ഓരോ രംഗങ്ങളിലും. മാവോയിസ്റ്റുകളെ നേരിടാന്‍ പോകുന്ന പൊലീസുകാര്‍ യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റുകള്‍ ആരെന്ന് പോലും അറിയാത്തവരാണ്. അവരെക്കുറിച്ച് സാധാരണ എല്ലാവര്‍ക്കും അറിയാവുന്ന ഒരു ധാരണയും ഭീതിയുമാണ് ഈ പൊലീസുകാരെയും നയിക്കുന്നത്.  തോക്ക് കയ്യിലുണ്ടെങ്കിലും അതെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പോലും അവര്‍ക്കറിയില്ല. എല്‍കെജി ക്ലാസുകളില്‍ കുട്ടികളെ തറപറ എന്ന് പറയാന്‍ പഠിപ്പിച്ചതുപോലെ ഒരു തിയറി ക്ലാസ് മാത്രമാണ് ഈ പൊലീസുകാര്‍ക്ക് കിട്ടിയിരിക്കുന്നത്‌. മണി സാര്‍ കൂടെയുള്ള പൊലീസുകാരോട്‌ വെടിവെയ്ക്കുന്നത് എങ്ങിനെയെന്ന് ചോദിക്കുകയും അവര്‍ എല്ലാവരും നഴ്‌സറിക്കുട്ടികളെ തോല്‍പ്പിക്കുമാറ് ഉത്തരം പറയുകയും ചെയ്യുന്ന കാഴ്ച കേരള പൊലീസിന്റെ അവസ്ഥ പരമദയനീയമാണല്ലോ എന്ന് ചിന്തിപ്പിക്കുന്നതാണ്.

അങ്ങിനെയുള്ള അവരെ അങ്ങ് ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമെന്ന് പറയപ്പെടുന്ന സ്ഥലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിട്ടിരിക്കുന്നു. മാവോയിസ്റ്റുകളെക്കുറിച്ച് അവര്‍ക്ക് വലിയ പിടിപാടൊന്നുമില്ലാത്തതിനാല്‍ ഒരു പിക്‌നിക്ക് മട്ടിലെന്ന പോലെ ബൂത്തില്‍ കഴിയുന്ന പൊലീസുകാരുടെ ദൃശ്യം പലതും പറയുന്നുണ്ട്. മതിയായ ആയുധങ്ങളില്ലാതെ മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങുന്ന പൊലീസുകാരുടെ നിസ്സഹായവസ്ഥയോട് അധികാരപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയും അവഗണനയും എത്ര വലുതാണെന്ന് അതിതീവ്രതയോടെ 'ഉണ്ട' കാണിച്ചു തരുന്നു. സമര കോലാഹലങ്ങളില്‍ പൊറുതിമുട്ടിയപ്പോള്‍ മാത്രം ഇടപെടന്ന സര്‍ക്കാര്‍ സംവിധാനത്തിന്റെ ആത്മാര്‍ത്ഥത. എട്ട് ഉണ്ടകള്‍ മാത്രം കയ്യിലേന്തി ജീവന്‍ പോലും പണയം വെച്ച് കൊല്ലാന്‍ വരുന്നവരുടെ മുമ്പില്‍ ലാത്തിച്ചാര്‍ജിനിറങ്ങുന്ന പൊലീസുകാര്‍. കാഴ്ച മങ്ങിയതല്ല.

പൊലീസുകാരുടെ പേടിയെക്കുറിച്ചും കഴിവില്ലായ്മയെക്കുറിച്ചും വളരെ തമാശയോടുകൂടിയാണ് ചിത്രം അവതരിപ്പിക്കുന്നതെങ്കിലും അവയ്ക്ക് പിന്നിലെ പറയാതെ പറയുന്ന കേരള പൊലീസിന്റെ ശോചനീയവസ്ഥ ഗൗരവമേറിയതാണ്. ഒരു വെടിയൊച്ച കേട്ടയുടനെ മര്യാദയ്ക്ക് കൈകാര്യം ചെയ്യാന്‍ പോലും അറിയാത്ത തോക്കെടുത്ത് കാളം പൂളം വെടിവെയ്ക്കുന്ന ആ രംഗങ്ങള്‍ ചിരിപ്പിക്കുവാന്‍ വേണ്ടി മാത്രമായിരുന്നില്ല, ചിന്തിപ്പിക്കാന്‍ കൂടിയാണ്. 

ആദിവാസി മേഖലയിലെ ഒരു പൊട്ടിപൊളിഞ്ഞ സ്‌കൂളാണ് പോളിങ് ബൂത്ത്. ഈ പരിസരത്തെക്കുറിച്ച് കഥാപാത്രങ്ങളിലൂടെയും രംഗങ്ങളിലൂടെയും പരോക്ഷമായി വെളിപ്പെടുത്തുന്നുണ്ട്. പറഞ്ഞു മനസ്സിലാക്കുന്നത് നിര്‍ത്തി കണ്ട് മനസിലാകട്ടെ എന്ന ഒരു മനോഭാവമാണ് ഗൗരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതൊരിക്കലും ഡോക്യുമെന്ററിയുടെയോ ഉജ്ജ്വലമായ പ്രസംഗത്തിന്റെയോ രീതിയിലേക്ക് പോകാതെ, സിനിമാറ്റിക് ഇലമെന്റുകളെല്ലാം ഉള്‍പ്പെടുത്തി, പൊട്ടിച്ചിരിക്കാനും ത്രില്ലടിപ്പിക്കാനുമുള്ള നിമിഷങ്ങള്‍ വേണ്ടുവോളം ഉള്‍ച്ചേര്‍ത്ത്, ആക്ഷന്‍ രംഗങ്ങളുടെ വീര്യവും പകര്‍ന്ന് എന്നാല്‍ സാധാരണത്വത്തിന്റെ തനിമയോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 

ആദിവാസി പ്രശ്‌നങ്ങളും മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെങ്ങിനെയെന്നും ആരാണ് യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും ഭീഷണിയാകുന്നതെന്നും സിനിമ പറയാതെ കാണിച്ചു തരുന്നു. ചിന്തിയ്ക്കാനുള്ള വക ഇട്ടു തരുന്നു. പിക്‌നിക്ക് മോഡിലുള്ള കേരളത്തിലെ പൊലീസുകാരെ മാവോയിസ്റ്റ് വേട്ടയ്ക്കായി അവിടെയുണ്ടായിരുന്ന പട്ടാളക്കാര്‍ എങ്ങിനെ സ്വാധീനിക്കുന്നുവെന്നതും ശ്രദ്ധിക്കപ്പെടുന്നു. ആദിവാസിയായ കൊച്ചുകുട്ടിയുടെ നേര്‍ക്ക് തോക്ക് ചൂണ്ടി ഇവന്‍ മാവോയിസ്റ്റാണെന്ന് വിളിച്ചുകൂവുകയും ആദിവാസികള്‍ മുഴുവന്‍ മാവോയിസ്റ്റാണെന്ന് കരുതപ്പെടുകയും ചെയ്യുന്ന തലത്തിലേക്ക് ആ പൊലീസുകാരുടെ മനസ് എങ്ങിനെ മാറ്റപ്പെട്ടുവെന്നത് ഇരുത്തിച്ചിന്തിക്കേണ്ടതാണ്.

ബൂത്തിനടുത്ത് ഒരു പൊട്ടിപ്പൊളിഞ്ഞ വീടിന് സമീപത്ത് കൂടെ മാണി സാര്‍ നിശബ്ദനായി നടക്കുന്നത്, പൊലീസുകാരുടെ വലിച്ച് നീട്ടിയുള്ള കുളിയുടെ ആഘാതം, താന്‍ മാവോവാദിയല്ലെന്നും പൊലീസല്ലെന്നും വിളിച്ചുപറയുന്ന ഒരു ആദിവാസി മനുഷ്യന്റ ചിത്രം, അയാള്‍ പറയുന്ന കഥ, ആദിവാസിയായ പൊലീസുകാരനോടുള്ള സുഹൃത്തുക്കളുടെ മനോഭാവം, അങ്ങിനെയങ്ങിനെ 'ഉണ്ട' എന്ന സിനിമയുടെ ഓരോ രംഗവും പറയുന്നത് കനപ്പെട്ട വിഷയങ്ങളാണ്. എന്നാല്‍ അവയുടെ കനത്തെക്കുറിച്ച് ചിന്തിക്കാതെ വളരെ ഉദ്വോഗത്തോടെയും ത്രില്ലടിച്ചും പൊട്ടിച്ചിരിച്ചും കൈകൊട്ടിയുമെല്ലാം സിനിമ മുഴുവനും കണ്ടുതീര്‍ക്കാന്‍ സാധിച്ചിടത്താണ്' ഉണ്ട' മികച്ച് നില്‍ക്കുന്നത്. കനപ്പെട്ട വിഷയങ്ങളെ കനമില്ലാതെ അവതരിപ്പിച്ച് കനപ്പെട്ട ചിന്തയ്ക്ക് വിധേയമാക്കുന്ന ഒരു പ്രക്രിയയാണ് 'ഉണ്ട'യില്‍ നടന്നത്. 

പൊലീസുകാരുടെ പലരുടെയും ജീവിതത്തിലേക്ക് വരെ സിനിമ എത്തിനോക്കുന്നുണ്ട്. അവരുടെ കുടുംബ ജീവിതം മാത്രമല്ല, പൊലീസുകാരുടെ ഇടയില്‍ തന്നെയുള്ള പദവിയുടെ പേരിലുള്ള അധികാരത്തര്‍ക്കങ്ങളും ഈഗോയുമെല്ലാം ചിത്രം വരച്ചിടുന്നു. 

പുതുമയുള്ള ദൃശ്യങ്ങളാണ് സിനിമയില്‍ മുഴുവനും. ഛത്തീസ്ഗഡിലേക്ക് പോകാനായുള്ള പൊലീസുകാരുടെ തയ്യാറെടുപ്പും മാര്‍ച്ച് പാസ്റ്റും അവരുടെയിടയിലുള്ള വര്‍ത്തമാനങ്ങളുമെല്ലാം പുതിയ അനുഭവമായിരുന്നു. ഈ ദൃശ്യങ്ങളിലെല്ലാം ഒരു ക്യാമറമാന്‍ വളരെ ഇന്റിമേറ്റായി, ഒരു പൊലീസ് ക്യാമ്പ് നേരെ ചെന്ന് ഷൂട്ട് ചെയ്തതുപോലെ തോന്നി.  ആ പൊലീസുകാരെ ക്യാമറ പിന്തുടരുന്നതുപോലത്തെ അനുഭവം. അവര്‍ സ്‌റ്റേഷനില്‍ ചെന്നിറങ്ങുന്ന രംഗങ്ങളുമെല്ലാം പുതിയതായിരുന്നു. സിനിമാറ്റിക് എന്നത് സാധാരണ സംഭവങ്ങളെ അതിഭാവുകത്വം നല്‍കി അവതരിപ്പിക്കലല്ല, മറിച്ച് സാധാരണ സംഭവങ്ങളിലെ മനോഹാരിതയെ കണ്ടെത്തി അവതരിപ്പിക്കലാണെന്ന് വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു സിനിമയിലുടനീളം.

കാട്ടിനുള്ളിലെ ബൂത്തിലേക്കെത്തുന്നതുവരെയുള്ള രംഗങ്ങള്‍ വല്ലാത്ത വികാരമാണ് പ്രദാനം ചെയ്തത്. വെയിലും നിഴലും ഒളിച്ചുകളി നടത്തുന്ന ഇലപൊഴിയും കാടുകളിലൂടെ പൊലീസുകാര്‍ നടന്നു നീങ്ങുമ്പോള്‍ അവരുടെ ഉള്ളില്‍ അലയടിക്കുന്ന ഭീതി പ്രേക്ഷകനിലേക്കും പടര്‍ന്ന് പിടിയ്ക്കുകയാണ്. അവസാനം സന്ധ്യയോടെ ക്യാമ്പിലെത്തുന്ന ആ രംഗം, അതായത് സന്ധ്യസമയത്തെ കാണിച്ചിരിക്കുന്നത്, അതിമനോഹരമായ ഷോട്ടാണത്. ഇടയ്ക്ക് ഒരു ഷോട്ടില്‍ വലിയ ചുവപ്പ് ഗോളമായി തീര്‍ന്നിരിക്കുന്ന സൂര്യനെ കാണുന്നുണ്ട്. ശരിക്കും സിനിമയുടെ മൊത്തം അന്തരീക്ഷം ഭീതി പൂണ്ടതാണ്. സിനിമയില്‍ എഴുതിയുണ്ടാക്കിയ രംഗങ്ങളല്ല, മറിച്ച് ആ പ്രകൃതിയുടെ ഭാവമാണ് പ്രേക്ഷകന് ഭീതി പകരുന്നത്. അതിന്റെ ക്രെഡിറ്റ് ഛായാഗ്രഹന്‌  നല്‍കണം.

ചിത്രത്തിലെ ഒരു പൊട്ടിത്തെറി ഭീകരമായിരുന്നു, ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഇത്തരത്തില്‍ ആദ്യമന്ത്യാന്തം ആ പൊലീസുകാരൊടൊപ്പം തന്നെ പ്രേക്ഷകനും പേടിച്ചുകൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റുകളെക്കുറിച്ച് സാധരണ പ്രേക്ഷകര്‍ക്ക് ഉള്ള എല്ലാ പേടിയെയും വീണ്ടും പുറത്തുചാടിച്ച്, സിനിമയുടെ അവസാനം വരെയും എന്തും സംഭവിക്കാം എന്ന മട്ടില്‍ പേടിച്ചിരിക്കുവാന്‍ പാകത്തിന് ഉദ്വേഗഭരതിമാണ് 'ഉണ്ട'.  

മമ്മൂട്ടിയെന്ന താരരാജാവിനെ ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം അദ്ദേഹത്തെ സാധാരണക്കാരാനായ ഒരു എസ്‌ഐയാക്കി നിര്‍ത്തിയതിന് കയ്യടി. അദ്ദേഹത്തെ ഫ്രെയിമിലേക്ക് കൊണ്ടുവന്ന സീന്‍ തന്നെ ഗംഭീരം. കൊട്ടും കൊരവയുമില്ല. ക്യാമറമാന്‍ അറിയാതെ ആംഗിളൊന്ന് വെട്ടിച്ചപ്പോള്‍ അദ്ദേഹത്തെ കണ്ടുപോയി. അത്രയ്ക്കും ലളിതമായൊരു ഇന്‍ട്രോ മമ്മൂട്ടിയ്ക്ക് ചുരുക്കമേ ലഭിച്ചിട്ടുണ്ടാകൂ. ചിത്രത്തില്‍ അദ്ദേഹത്തിന് കൂടെയുള്ള മറ്റ് പൊലീസുകാരുടെ അതേ പ്രാധാന്യം തന്നെയാണ് നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ വലിയ തെറ്റൊന്നും പറ്റില്ല. പൊലീസിലെ പദവിയ്ക്കനുസരിച്ചുള്ള ബഹുമാനം മാത്രമാണ് അദ്ദേഹത്തിന് കൊടുത്തിരിക്കുന്നത്. അതിന്റെ പ്രധാന കാരണം ഈ സിനിമയിലെ നായകന്‍ മമ്മൂട്ടിയല്ല, മറിച്ച് സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണെന്നതാണ്. 

 

Editors Choice