• 22 Oct 2019
  • 03: 28 AM
Latest News arrow

48 മണിക്കൂറിനുള്ളില്‍ സമരം പരിഹരിക്കണമെന്ന് മമതയോട് ഡോക്ടേഴ്‌സ് അസോസിയേഷന്‍; തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക്

ദില്ലി: ബംഗാളില്‍ ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരം 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്ന്  ദില്ലി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍(ആര്‍ഡിഎ). അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും ആര്‍ഡിഎ അറിയിച്ചു. ഇതിന് മുന്നോടിയായി തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഐ.എം.എ. അറിയിച്ചു. 

കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് ചികിത്സയിലിരിക്കെ രോഗി മരിച്ചതും തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോട്ടിക്കു പൊട്ടലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.

എന്നാല്‍ സമരം നടത്തുന്ന ഡോക്ടര്‍മാരോടു നാലു മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടിവരുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗാളിലെ നൂറുകണക്കിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു. 300 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ഇന്നലെ മാത്രം സര്‍വീസില്‍ നിന്ന് രാജി വച്ചത്.