• 16 Jul 2019
  • 06: 33 AM
Latest News arrow

കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

വിഷമിപ്പിച്ചതിന് എല്ലാവരോടും മാപ്പ് ചോദിച്ച് നവാസ്

കൊച്ചി: കൊച്ചിയില്‍ നിന്നും കാണാതായ കൊച്ചി സെന്‍ട്രല്‍ സിഐ നവാസ് വീട്ടിലേക്ക് തിരിച്ചു. വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ചേരുമെന്ന് നവാസ് പറഞ്ഞു. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് ഇന്ന് രാവിലെയാണ് നവാസിനെ പൊലീസ് കണ്ടെത്തിയത്. തമിഴ്‌നാട് റെയില്‍വേ പൊലീസാണ് നവാസിനെ തിരിച്ചറിഞ്ഞത്.

അതേസമയം വിഷമിപ്പിച്ചതിന് എല്ലാവരോടും മാപ്പ് ചോദിച്ച് നവാസ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യാത്ര പോയത് ശാന്തി തേടിയാണെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്  മൂന്ന് ദിവസം മുമ്പ് ആരോടും പറയാതെ നവാസ് വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറി.

സേനയിലെ ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. നവാസിനെ കണ്ടെത്താന്‍ കൊച്ചിയില്‍ നിന്നുളള പൊലീസ് വിവിധ സംഘങ്ങളായി പല ഭാഗങ്ങളില്‍ അന്വേഷണം നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു. ഇതിനിടയിലാണ് നവാസിനെ തമിഴ്‌നാട് പൊലീസ് തിരിച്ചറിഞ്ഞത്.