• 19 Sep 2019
  • 12: 29 AM
Latest News arrow

കളിക്കുന്നത് മഴ; ക്രിക്കറ്റ് ആരാധകർക്ക് നിരാശ; ലോകകപ്പ് കിരീടം മഴ കൊണ്ട് പോകുമോ!

നോട്ടിംഗ്ഹാം: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും തകര്‍ത്തതിന്റെ ആവേശത്തിൽ ന്യൂസീലാൻഡിനെ നേരിടാനൊരുങ്ങിയ ഇന്ത്യയ്ക്ക് നിരാശ നൽകി മഴ കളിച്ചു. മത്സരത്തിന് നേരത്തെ തന്നെ മഴ ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് മഴ മാറിയപ്പോള്‍ കളി നടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എട്ടോളം തവണ മഴ പെയ്തിറങ്ങിയപ്പോൾ  മത്സരം നടത്താനാവില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. അമ്പയര്‍മാര്‍ ഫീല്‍ഡ് ഇന്‍സ്‌പെക്ഷനായി എത്തിയപ്പോള്‍ തന്നെ മഴ പെയ്യുകയും ചെയ്തു. 20 ഓവറെങ്കിലും കളി നടക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരും ഇതോടെ നിരാശരായി.

മത്സരത്തില്‍ ഒരു പന്തുപോലും എറിയാതെയാണ്  ഇന്ത്യ-ന്യൂസീലാൻഡ്  പോരാട്ടം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ന്യൂസീലാൻഡിന് ഒരു പോയിന്റ് കൂടി ലഭിച്ചതോടെ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അതേസമയം ഇന്ത്യക്ക് ഇപ്പോള്‍ അഞ്ച് പോയിന്റായി. ഇതോടെ ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

അതിനിടെ, ഐസിസിയുടെ ഏകദിന ക്രിക്കറ്റ്  ലോകകപ്പിലെ നാലാമത്തെ മല്‍സരവും മഴ കൊണ്ടുപോയതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഐസിസിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മഴയെ തുടര്‍ന്ന്  നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇനിയുള്ള കളികളിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ലോകകപ്പ് നടത്താന്‍ ഈ സമയം തെരഞ്ഞെടുത്തതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു കാലാവസ്ഥയുള്ള ഇംഗ്ലണ്ടില്‍ ലോകകപ്പ് നടത്തിയ ഐസിസിക്കെതിരേ സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രോളുകളും നിറയുന്നുണ്ട്.

മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ട്വീറ്റുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷെല്‍ ഗിബ്‌സ് രംഗത്തെത്തി. നോട്ടിംഗ്‌ഹാമില്‍ മത്സരം നടക്കില്ലെന്ന് ഹര്‍ഭജനും ട്വീറ്റ് ചെയ്തു. ഈ ലോകകപ്പ് 10 ടീമുകള്‍ക്കും ലഭിക്കില്ലെന്നും മഴ തന്നെ കിരീടം കൊണ്ടു പോവുമെന്നുമായിരുന്നു മറ്റൊരു ക്രിക്കറ്റ് പ്രേമിയുടെ ട്വീറ്റ്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ലോകകപ്പെന്നായിരുന്നു മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്.

ഇന്ന് റോസ്‌ബൗൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലാണ് മത്സരം. ഇതിനിടയിൽ  മഴ കളിക്കുമോ എന്നേ ഇനി അറിയാനുള്ളൂ.