• 18 Sep 2019
  • 07: 28 AM
Latest News arrow

പഴവിള രമേശൻ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവും കേരള സാഹിത്യ അക്കാദമി പുരസ്‌കൃതനുമായ പഴവിള രമേശന്‍ അന്തരിച്ചു. 83വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച  കാലത്ത് ആറരയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വെള്ളിയാഴ്ച. ഭാര്യ- സി.രാധ. മക്കള്‍- സൂര്യ സന്തോഷ്, സൗമ്യ.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനാണ്. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂൾ, കരിക്കോട് ശിവറാം ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1961-1968 കാലഘട്ടത്തില്‍ കൗമുദി ആഴ്ചപ്പതിപ്പില്‍ കെ.ബാലകൃഷ്ണനൊപ്പം സഹപത്രാധിപരായി പ്രവര്‍ത്തിച്ചു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റ്യൂട്ടിലും ജോലി ചെയ്തു.

'മഴയുടെ ജാലകം', 'ഞാൻ എന്‍റെ കാടുകളിലേക്ക്'(കവിതാസമാഹാരങ്ങൾ), 'ഓർമ്മയുടെ വർത്തമാനം', 'മായാത്ത വരകൾ', 'നേർവര' (ലേഖന സമാഹാരങ്ങൾ) എന്നിവയാണ്  പഴവിള രമേശന്‍ രചിച്ച പുസ്തകങ്ങള്‍. 'ഞാറ്റടി', 'ആംശസകളോടെ', 'മാളൂട്ടി', 'അങ്കിള്‍ ബണ്‍', 'വസുധ'  തുടങ്ങി നിരവധി മലയാള ചലച്ചിത്രങ്ങൾക്ക് ഗാനരചന നിര്‍വഹിച്ചു.

2017-ല്‍ മലയാള സാഹിത്യരംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയിരുന്നു. അബുദാബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞിരാമൻ നായർ അവാർഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചു.