• 16 Jun 2019
  • 11: 49 PM
Latest News arrow

ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്; ധവാന് പകരം ഇറങ്ങിയേക്കും

ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമേ പകരക്കാരനായി പന്തിന്റെ പേര് പ്രഖ്യാപിക്കൂ എന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 13ന് നോട്ടിങ്ങാമില്‍ കിവീസിനെതിരായ ഇന്ത്യയുടെ മത്സരത്തിനു മുന്‍പ് പന്ത് ടീമിനൊപ്പം ചേരും. ടീമിന്റെ ഔദ്യോഗിക കിറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും കഴിഞ്ഞ  ദിവസം തന്നെ ഡല്‍ഹിയിലെ പന്തിന്റെ വസതിയില്‍ എത്തിച്ചിരുന്നു. 
എന്നാല്‍ പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ പന്ത് ഉള്‍പ്പെടില്ല. ഒരാഴ്ച ധവാന്റെ പരിക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ.