• 16 Jun 2019
  • 11: 31 PM
Latest News arrow

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സൂചന

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി.കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരുമെന്ന് സൂചന. പാര്‍ട്ടിയുടെ വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാല ഡല്‍ഹിയില്‍ വെളിപ്പെടുത്തിയതാണ്  ഈ വിവരം. കോണ്‍ഗ്രസ് പാര്‍ലിമെന്ററിപാര്‍ട്ടി നേതാവിനെ സോണിയാ ഗാന്ധി തീരുമാനിക്കും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാരുടെ യോഗം വിളിക്കും.
 രാഹുല്‍ സ്ഥാനം തുടരാമെന്ന് സമ്മതിച്ചത് പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നുളവായ ഒരു  പ്രതിസന്ധിക്കാണ് വിരാമമായത്. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിവാകുമെന്ന് രാഹുല്‍ ഫലം വന്നതിന്റെ പിറ്റേ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ബിജെപി ഭരണത്തിന്റെ ഭവിഷ്യത്തുകളും മോദിയുടെ നയരാഹിത്യങ്ങളും ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ തനിക്ക് മുതിര്‍ന്ന നേതാക്കളില്‍ നിന്നും വേണ്ടത്ര പിന്‍തുണ ലഭിച്ചില്ലെന്ന് ചുണ്ടിക്കാട്ടിയ രാഹുല്‍  റഫാല്‍ ഇടപാട് തുടങ്ങിയ വിഷയങ്ങള്‍ തനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നുവെന്നും സൂചിപ്പിച്ചിരുന്നു. 
രാഹുലിന്റെ വെളിപ്പെടുത്തല്‍ ഹൈക്കമാന്‍ഡിലും സംസ്ഥാനതല പാര്‍ട്ടി നേതൃത്വത്തിലും ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും രാഹുല്‍ ഇത്രയും കടുത്ത ഒരു നിലപാട് കൈക്കൊള്ളരുതെന്നായിരുന്നു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം. അമേത്തിയിലുണ്ടായ പരാജയം രാഹുലില്‍ ഉണ്ടാക്കിയ കനത്ത ആഘാതത്തില്‍ന്റെ അളവ് കുറക്കാന്‍ കേരളത്തില്‍ വയനാട്ടില്‍ ലഭിച്ച  വന്‍ ഭൂരിപക്ഷം സഹായകമായിട്ടുണ്ടാവണം. വോട്ടര്‍മാരോട് നന്ദി പറയാന്‍ മൂന്നു ദിവസം വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തിയ രാഹുലിന്  വോട്ടര്‍മാരുടെയും വയനാടിന്റെയും മനസ് വായിച്ചറിയാന്‍ സാധിച്ചുവെന്ന് വ്യക്തം.
കോണ്‍ഗ്രസ് മാത്രമല്ല, രാജ്യത്തെങ്ങുമുളള  ജനാധിപത്യ- മതേര വിശ്വാസികളുടെ മനസും  കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ വേണമെന്നതാണെന്നതിന്റെ തിരിച്ചറിവു കൂടിയായി ഈ തീരുമാനമെന്ന് കരുതണം.