• 16 Oct 2019
  • 09: 52 PM
Latest News arrow

മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപം: ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുന:പരിശോധിക്കുമെന്ന് മന്ത്രി

കൊച്ചി: ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ മന്ത്രി എ.കെ ബാലന്‍. കാര്‍ട്ടൂണ്‍ മത പ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയര്‍ന്നതോടെ അവാര്‍ഡ് പുന:പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നില്ലെന്നും തീരുമാനം ജൂറിയൂടേതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ അവഹേളിച്ച കാര്‍ട്ടൂണിന് 2018 ല്‍ മുഖ്യമന്ത്രി തന്നെ അവാര്‍ഡ് കൊടുത്തിരുന്നു. ആ സഹിഷ്ണുത സര്‍ക്കാരിനുണ്ട്. ജൂറിമാര്‍ക്ക് വീഴ്ച്ച പറ്റിയോ എന്ന് ലളിതകല അക്കാദമി പരിശോധിക്കണമെന്നും എ.കെ ബാലന്‍ പറഞ്ഞു.
പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു ഹാസ്യകൈരളി മാസികയില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണ് കാര്‍ട്ടൂണിലുള്ളത്.  കൈയില്‍ മെത്രാന്‍ സ്ഥാനീയ ചിഹ്നവുമുണ്ടായിരുന്നു. കോഴിയുടെ നില്‍പ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നയാള്‍ക്ക് പി.സി ജോര്‍ജ്ജിന്റേയും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയുടേയും മുഖമായിരുന്നു. 
ഇതിനെതിരെ കെ.സി.ബി.സിയാണ് ആദ്യം രംഗത്തെത്തിയത്. കാര്‍ട്ടൂണ്‍ ക്രിസ്തീയ മത പ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും കെ.സി.ബി.സി ആരോപിച്ചു.