• 16 Jun 2019
  • 11: 36 PM
Latest News arrow

ചന്ദ്രയാന്‍2 അടുത്ത മാസം പറന്നുയരും; ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാന്‍ 2 അടുത്ത മാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐസ്ആര്‍ഒ പുറത്ത് വിട്ടു. അടുത്ത മാസം  16 ന് ചന്ദ്രയാന്‍ കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. 
ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ 2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. 
പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. 
കഴിഞ്ഞ മേയില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ദൗത്യം നീട്ടുകയായിരുന്നു.