• 16 Jun 2019
  • 11: 31 PM
Latest News arrow

എംബിബിഎസ് സീറ്റിന് പത്ത് ശതമാനം സാമ്പത്തിക സംവരണം; സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

തിരുവനന്തപുരം: എം.ബി.ബി.എസ് സീറ്റിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏര്‍പ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. 
എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10% കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇതില്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്ആര്‍ കോളേജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകള്‍ വലിയ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. 10 ശതമാനം അധികസീറ്റിന് അര്‍ഹതയുണ്ടെന്നാണ് ഈ കോളേജുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ന്യൂനപക്ഷ കോളേജുകള്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകള്‍ക്ക് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍.