• 16 Jun 2019
  • 11: 35 PM
Latest News arrow

വായു ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും; 10,000ത്തോളം ആളുകളെ ഒഴിപ്പിച്ചു

ഗാന്ധിനഗര്‍: അറബിക്കടലില്‍ രൂപംകൊണ്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്തില്‍ അതിശക്തമായി വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളിലായിരിക്കും ചുഴലിക്കാറ്റ് ശക്തമായി അടിക്കുക. ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്നും 10,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കര-നാവിക-തീരസംരക്ഷണ സേനകളെ തീരത്ത് വിന്യസിച്ചിട്ടുണ്ട്. ജമുനാനഗര്‍ മേഖലയില്‍ വ്യോമസേനയുടെ സി-17 വിമാനം നിലയുറപ്പിച്ചു. ആകെ 700 സൈനികരെയാണ് വിവിധ മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. സൈന്യത്തിന് പുറമേ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്. 

അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. 60 ലക്ഷത്തോളം ആളുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റ് വീശാനിടയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുക. വൈകുന്നേരത്തോടെ വേഗത 90 കിലോമീറ്ററായി കുറഞ്ഞേക്കും. 

വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയ്ക്ക് സമീപമുള്ള കേരളത്തിന്റെ തീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടായേക്കും. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റ് വീശുക. കടലും പ്രക്ഷുബ്ധമാകും. തീരക്കടലില്‍ 3.5 മുതല്‍ 4.3 മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും.