• 16 Jun 2019
  • 11: 45 PM
Latest News arrow

നിയമം ലംഘിച്ച പതിനായിരം വിദേശികളെ നാടുകടത്തി കുവൈറ്റ്; വിദേശികൾക്കിനി യോഗ്യതാപരീക്ഷയും

കുവൈത്ത് സിറ്റി: പതിനായിരം വിദേശികളെ നാടുകടത്തി കുവൈത്ത് . കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ ആളുകളെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തും. നിയമലംഘകരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്  എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.

റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്‍ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. റമദാനില്‍ നടത്തിയ പരിശോധനയില്‍ 370 പേരെ പിടിച്ചിരുന്നു. ഇതില്‍ 270 പേര്‍ അനധികൃത താമസത്തിന്‍റെ പേരിലും ബാക്കിയുള്ളവർ യാചനാ കുറ്റത്തിനുമാണ് പിടിയിലായത്. യാചകരിൽ അധികവും അറബ് വംശജരാണ്.

അതിനിടെ, കുവൈത്തിൽ 80 തൊഴിൽ മേഖലകളിൽ വിദേശികൾക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. വർഷം തോറും 20 മേഖലകളിൽ വീതം നടപ്പിലാക്കി നാലുവർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മറിയം അഖ്വീൽ പറഞ്ഞു.

തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ തൊഴിലാളികളും  കഴിവ് തെളിയിക്കേണ്ടിവരും. പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രൊഫഷനിൽ നൽകില്ല. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശികൾക്ക് പരമാവധി അവസരമൊരുക്കുന്നതും പരിഷ്കരണത്തിെന്റെ ലക്ഷ്യമാണ്.