• 16 Jun 2019
  • 11: 48 PM
Latest News arrow

തന്നെ വാരിയെടുത്ത രാജമ്മയെ ചേര്‍ത്ത് പിടിച്ച് രാഹുല്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ ആശുപത്രിയില്‍ വെച്ച് തന്നെ ഏറ്റുവാങ്ങിയ നഴ്‌സ് രാജമ്മയെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി. പിറന്ന വീണ കൈകളെ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ച് രാഹുല്‍ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചപ്പോള്‍ രാജമ്മയ്ക്ക് അത് ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. വയനാട് മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. 

ഓര്‍മകള്‍ 49 വര്‍ഷം പിന്നോട്ട് പോയപ്പോള്‍ ആ കുഞ്ഞുരാഹുലിനെ ആദ്യമായി കോരിയെടുത്ത നിമിഷത്തെ കുറിച്ച് വാതാരോതെ സംസാരിക്കുകായിരുന്നു അവര്‍.

ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ നഴ്‌സായിരുന്നു അന്ന് 23 കാരിയായിരുന്ന രാജമ്മ വാവാട്ടില്‍. 1970 ജൂണ്‍ 19 ന് ആശുപത്രിയില്‍ ഒരു വിഐപി പേഷ്യന്റ് ഉണ്ടായിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മരുമകള്‍ സോണിയാ ഗാന്ധി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകള്‍ ആയിരുന്നിട്ട് പോലും ആ വി.ഐ.പി കുടുംബം ആശുപത്രി നിയമങ്ങള്‍ കാര്യക്ഷമമായി പാലിച്ചിരുന്നതായി രാജമ്മ ഓര്‍മ്മിക്കുന്നു. ചെറുമകന്‍ ജനിച്ച് രണ്ടാം ദിവസം ഇന്ദിരാ ഗാന്ധി അവനെ കാണാനെത്തി. കുഞ്ഞുരാഹുലിനെ ആശുപത്രിയില്‍ ഒരാഴ്ചയോളം ശുശ്രൂഷിച്ചതു രാജമ്മയും സഹപ്രവര്‍ത്തകരുമായിരുന്നു. 

മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് രാജമ്മ രാഹുല്‍ ഗാന്ധിയെ കാണാന്‍ കല്‍പറ്റ പിഡ്ബ്ല്യുഡി റസ്റ്റ് ഹൗസില്‍ എത്തിയത്. കയ്യില്‍ ഒരു പൊതിയുമുണ്ടായിരുന്നു. അത് സ്‌നേഹത്തോടെ കൈമാറി നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് രാജമ്മ മടങ്ങിയത്. തനിക്ക് ഒരുപാട് സംസാരിക്കാനുണ്ടെന്നും എന്നാല്‍ തിരക്ക് അറിയാമെന്നതിനാല്‍ പിന്നൊരിക്കലാകാമെന്നും രാജമ്മ രാഹുലിനോട് പറഞ്ഞു.

താനുണ്ടാക്കിയ ചക്ക ചിപ്‌സും കുറച്ച് സ്വീറ്റ്‌സുമാണ് പൊതിയില്‍ ഉണ്ടായിരുന്നതെന്നും ഒരമ്മ മകനെ കാണുമ്പോള്‍ മധുരമല്ലേ നല്‍കേണ്ടതെന്നും രാജമ്മ പ്രതികരിച്ചു. വീട്ടിലേയ്ക്ക് ക്ഷണിച്ചുവെന്നും ഇന്ന് മടങ്ങേണ്ടതിനാല്‍ ഇന്നില്ലെന്നും മറ്റൊരവസരത്തില്‍ തീര്‍ച്ചയായും എത്തുമെന്ന് പറഞ്ഞതായും രാജമ്മ പറഞ്ഞു.