• 16 Jun 2019
  • 11: 39 PM
Latest News arrow

ഫ്രഞ്ച് ഓപ്പണ്‍ നദാലിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരമായ റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍  6-3, 5-7, 6-1, 6-1. 

2018-ലെ ഫൈനലിന്റെ തനിയാവര്‍ത്തനം  തന്നെയായിരുന്നു ഇത്തവണത്തെ ഫൈനലും. ആദ്യ സെറ്റ് അനായാസം കയ്യിലൊതുക്കിയ നദാലിന്  രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു.  എന്നാല്‍ മൂന്നും നാലും സെറ്റുകളും കിരീടവും  എതിരാളിക്ക് ഒരവസരവും നല്‍കാതെ  നദാല്‍ സ്വന്തമാക്കി. 

ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പന്ത്രണ്ടാം കിരീടമാണിത്. ഒരു ഗ്രാന്‍സ്ലാമില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫ്രഞ്ച് ഓപ്പണിലെ പന്ത്രണ്ടാം കിരീടനേട്ടത്തോടെ നദാല്‍ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 11 കിരീടങ്ങള്‍ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡാണ് നദാല്‍ ഇന്ന് മറികടന്നത്. 

റാഫേൽ നദാലിന്റെ കരിയറിലെ പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററുടെ റെക്കോർഡാണ് ഇനി മറി കടക്കാനുള്ളത്.