• 26 Aug 2019
  • 02: 50 AM
Latest News arrow

മഴയ്ക്ക് പകരം റണ്‍മഴ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍, റെക്കോര്‍ഡ്

ഓവലില്‍ റണ്‍മഴ തീര്‍ത്ത് ഇന്ത്യ റെക്കോര്‍ഡ് നേട്ടത്തില്‍. ലോകകപ്പില്‍ ഒരു ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ അടിച്ചെടുത്ത് ഇന്ത്യ വിജയഭേരി മുഴക്കുകയാണ്‌. 353 എന്ന കൂറ്റന്‍ സ്‌കോറാണ് ഓസ്‌ട്രേലിയയ്ക്ക് മറികടക്കാനായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വെച്ചുനീട്ടിയിരിക്കുന്നത്.

ബോളര്‍മാര്‍ അഴിഞ്ഞാടുന്ന ഓവലിലെ ആദ്യ മണിക്കൂറുകള്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വരുതിയിലാക്കിയാണ് തുടങ്ങിയത്. 127 റണ്‍സിന്റെ അടിത്തറയൊരുക്കി രോഹിത്-ധവാന്‍ സഖ്യം പിരിഞ്ഞു. കളിക്കളത്തിലിറങ്ങിയവരെല്ലാം ബാറ്റുകൊണ്ട് ഉശിരു കാട്ടി. ധവാന്‍ 95 പന്തില്‍ 117 റണ്‍സെടുത്ത് സെഞ്ച്വറി കടന്നപ്പോള്‍ കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. കോഹ്ലി 77 പന്തില്‍ 4 ബൗണ്ടറിയും 2 സിക്‌സും അടക്കം 82 റണ്‍സെടുത്തപ്പോള്‍ രോഹിത് 70 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും അടക്കം 57 റണ്‍സ് സ്വന്തമാക്കി. 27 പന്തില്‍ 4 ബൗണ്ടറിയും 3 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യ കത്തിക്കയറി. ധോണി 14 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും അടക്കം 27 റണ്‍സുമെടുത്തു.