• 22 Aug 2019
  • 09: 43 AM
Latest News arrow

ദുബായ് ബസ്സപകടം: മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയിത്തുടങ്ങി

ദുബായ്: ദുബായില്‍ ബസ്സപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങളായി. എട്ട് മലയാളികളടക്കം പന്ത്രണ്ട് ഇന്ത്യക്കാരും മറ്റു രാജ്യങ്ങളിലെ അഞ്ചുപേരുമാണ്   അപകടത്തിൽ മരിച്ചത്. ഒമാനില്‍ പെരുന്നാൾ അവധി ആഘോഷിച്ച് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. വിവിധ രാജ്യക്കാരായ 31 പേരാണ് ബസിലുണ്ടായിരുന്നത്. ദുബായ്  മുഹമ്മദ് ബിന്‍ സായിദ് റോഡിലെ അല്‍ റാഷിദിയ എക്സിറ്റിലാണ്  അപകടമുണ്ടായത്.

തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി,വാസുദേവന്‍ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതിയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവശ്യമായ സംവിധാനങ്ങള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ദുബായ് പോലീസിന്‍റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറുകയാണ് . ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കയറ്റിവിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആദ്യം ബന്ധുക്കള്‍ക്ക് കൈമാറിയത്.