• 18 Nov 2019
  • 10: 24 AM
Latest News arrow

"വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കും"- രാഹുൽ ഗാന്ധി

കൽപ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടിൽ പര്യടനത്തിനെത്തിയ രാഹുൽ ഗാന്ധി എം.പി പ്രത്യേക പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തി . രാത്രിയാത്രാ നിരോധനം, വയനാട്ടിലേക്കുള്ള റെയിൽപ്പാത, ആദിവാസി- കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാദ്ധ്യമങ്ങളെ അറിയിച്ചു. വയനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു.

പര്യടനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച കൽപ്പറ്റ നഗരസഭാ ഓഫീസിന് മുന്നിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങിയത്. 

''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്‍റെ ഓഫീസിന്‍റെ വാതിൽ തുറന്നു കിടക്കും"- റോഡ് ഷോയിൽ രാഹുൽ പറ‍ഞ്ഞു.

കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്‍റിനകത്തും പുറത്തും പ്രവർത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, വെറുപ്പിന്‍റെ രാഷ്ട്രീയം പരത്തുന്ന ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിപക്ഷമായി കോൺഗ്രസുണ്ടാവുമെന്നും വ്യക്തമാക്കി.