• 26 Aug 2019
  • 02: 58 AM
Latest News arrow

ബാലഭാസ്കറിന്റെ മരണം: പ്രകാശ് തമ്പിയെ ജയിലിൽ ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കൊച്ചി കാക്കനാട് ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിനായാണ്  ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിൽ പ്രകാശ് തമ്പിയെ ചോദ്യം ചെയ്തത്.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡിആർഐ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് തമ്പി ജയിലിൽ കഴിയുന്നത്. പ്രകാശ് തമ്പിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി ഹരികൃഷ്ണൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാൻ കോടതി അനുമതി നൽകിയത്.

അപകടത്തിന് മുമ്പ് ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ കടയുടമ ഇക്കാര്യം ആദ്യം സ്ഥിരീകരിക്കുകയും പിന്നീട്  നിഷേധിക്കുകയും ചെയ്തിരുന്നു.

ബാലഭാസ്കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്കറിന്റെ മരണശേഷം മൊബൈൽ ഫോൺ,ക്രെഡിറ്റ് കാർഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത്, പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി കൊണ്ടുപോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിലാവും പ്രകാശ് തമ്പിയിൽ നിന്ന് മൊഴി ശേഖരിക്കുക.