• 26 Aug 2019
  • 02: 49 AM
Latest News arrow

നിപ്പ ഭീതി ഒഴിയുന്നു; ജാഗ്രത തുടരുന്നു

കൊച്ചി: നിപ്പ വൈറസ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്‍റെ രക്ത സാമ്പിളുകൾ ഇന്ന് വീണ്ടും പരിശോധിക്കും. ശരീരത്തിലെ നിപ്പ വൈറസ് പൂർണ്ണമായും ഇല്ലാതായോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയിലെ വിദഗ്ധ സംഘം വീണ്ടും രക്തവും സ്രവങ്ങളും പരിശോധിക്കുന്നത്.

പനി ഒഴിച്ചു നിർത്തിയാൽ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയുമായി സംസാരിക്കാൻ മെഡിക്കൽ ബോർഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം സ്വന്തം നിലയിൽ കഴിക്കുന്നതടക്കം ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 318 പേർ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും നേരിട്ട് ഇടപഴകിയ 52 പേരുടെ പട്ടിക തയ്യാറാക്കി പ്രത്യേകം നിരീക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്.

യുവാവുമായി അടുത്തിടപഴകിയ രണ്ട് പേരുടെ നിപ്പ ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ്പ ഇല്ലെന്ന് സ്ഥിരീകരിച്ചു.

രോഗബാധ അതിജീവിക്കാനായതിൽ ആശ്വാസമുണ്ടെന്നും നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്‍ധർ തുടങ്ങിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.