• 16 Jun 2019
  • 11: 33 PM
Latest News arrow

ശ്രീലങ്ക-പാക് പ്രതീക്ഷകൾ മഴയെടുത്തു; ശനിയാഴ്ച ഇംഗ്ലണ്ട്-ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ-ന്യൂസീലൻഡ് മത്സരങ്ങൾ

ബ്രിസ്‌റ്റോള്‍: ആരാധകരെ നിരാശരാക്കി ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിലെ പാക്കിസ്ഥാൻ-ശ്രീലങ്ക മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ബ്രിസ്റ്റോളില്‍ കനത്ത മഴമൂലം  ടോസ് പോലും ഇടാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് രാത്രി എട്ടരയോടെ വേണ്ടെന്ന് വെച്ചത്. ഗ്രൗണ്ട് പരിശോധിച്ച  ശേഷം മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ശ്രീലങ്കൻ ടീമിനാണ് ഇതിന്റെ ഗുണം കിട്ടിയത്. പോയന്‍റ്  നിലയില്‍  മൂന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ ടീമെത്തി. മൂന്നു കളികളില്‍ ഒരെണ്ണം മാത്രമേ ശ്രീലങ്കന്‍ ടീം വിജയിച്ചിട്ടുള്ളു. പാക്കിസ്ഥാനും മൂന്നു കളികളില്‍ ഒരെണ്ണത്തിലാണ് വിജയിച്ചത്. എന്നാൽ നെറ്റ് റണ്‍ റേറ്റില്‍ പാക്കിസ്ഥാനെ മറികടന്ന് ശ്രീലങ്ക മൂന്നാമതെത്തുകയായിരുന്നു.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്ക പോയിന്‍റ് നേടുന്നത് ഇതാദ്യമാണ്. ഇതിന് മുന്‍പ് ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു.

മത്സരം തുടങ്ങുന്നതിന് മുമ്പ് പോയന്‍റ് പട്ടികയില്‍ ശ്രീലങ്ക ഏഴാമതും പാക്കിസ്ഥാന്‍ എട്ടാമതുമായിരുന്നു. ഒരു മത്സരം മാത്രം കളിച്ച ഇന്ത്യ നിലവില്‍ ഏഴാമതാണ്.

ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. സോഫിയ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെയും ടോൺടൺ കൗണ്ടി ഗ്രൗണ്ടിൽ അഫ്ഗാനിസ്ഥാൻ ന്യൂസീലൻഡിനെയും നേരിടും.