• 06 Jul 2020
  • 01: 52 AM
Latest News arrow

തമാശ വെറും തമാശയല്ല

പലര്‍ക്കും ആളുകളെ കളിയാക്കുന്നത് ഒരു തമാശയാണ്. ഒരു വ്യക്തിയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ച് അതൊരു കുറവാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുുമ്പില്‍ അയാളെ പരിഹസിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. കളിയാക്കപ്പെടുന്നവര്‍ വിഷമിക്കുന്നത് കാണുമ്പോള്‍ അതും അവരുടെ കുഴപ്പമാണെന്ന് പറഞ്ഞ് കളിയാക്കും. ''നിനക്ക് ഫീലായോ ഞാന്‍ തമാശയ്ക്ക് പറഞ്ഞതല്ലേ'' എന്ന ായിരിക്കും ഡയലോഗ്. യഥാര്‍ത്ഥത്തില്‍ കളിയാക്കപ്പെടുന്നവര്‍ മാത്രമല്ല, കളിയാക്കുന്നവരും ഇരകളാണ്. സമൂഹത്തിന് മേല്‍ കാലങ്ങളായി പറഞ്ഞുറപ്പിക്കപ്പെട്ടതോ അടിച്ചേല്‍പ്പിച്ചതോ ആയ ചില തെറ്റായ മനോഭാവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഇരകള്‍. അതില്‍ ഏറ്റവും രൂക്ഷമായ തോതില്‍ എടുത്തുപയോഗിക്കുന്നത് മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ചിന്തകളാണ്. ഇത്തരത്തില്‍ മനോഭാവങ്ങളെ വികലമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരിക്കുന്നത് സിനിമയാണെന്ന് പറയാതെ വയ്യ. സിനിമയില്‍ കാണുന്ന നായകന്റെയും നായികയുടെയും ശരീരപ്രകൃതിയാണ് ഉത്തമവും പൂര്‍ണമായതുമെന്ന് സമൂഹം വിചാരിക്കാന്‍ സിനിമ കാരണമായിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം ചില സിനിമാ പ്രവര്‍ത്തകരെങ്കിലും തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നത് ഒരു ആശ്വാസമാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരു സിനിമയാണ് 'തമാശ'. മറ്റുള്ളവരെ പരിസഹിച്ചുകൊണ്ട് നാം നടത്തുന്ന തമാശകളൊന്നും തമാശയല്ലെന്ന് പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. ഒരാളുടെ ശരീരപ്രകൃതി മറ്റൊരാളെ ബാധിക്കുന്ന വിഷയമല്ലെന്നും സിനിമ പറഞ്ഞുവെയ്ക്കുന്നു.  

മുടിയില്ലാത്തതിന്റെ പേരില്‍ സമൂഹത്തിന്റെ മുമ്പില്‍ അവഹേളനാപാത്രമാകുന്ന മലയാളം പ്രൊഫസര്‍ ശ്രീനിവാസന്റെ കഥയാണ് 'തമാശ' എന്ന ചിത്രം. വിദ്യാര്‍ത്ഥികളുടെയിടയിലും കല്യാണ ചന്തയിലും വിലയില്ലാതാകുന്ന ശ്രീനിവാസന്‍ സാറിന്റെ വിഷമതകളെ തമാശ കലര്‍ത്തി എന്നാല്‍ പരിഹസിക്കാതെ 'തമാശ' അവതരിപ്പിക്കുന്നു. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന് തന്റെ പൊക്കത്തെക്കുറിച്ചും നിറത്തെക്കുറിച്ചും അപകര്‍ഷതാ ബോധമാണുള്ളതെങ്കില്‍, തമാശയിലെ ശ്രീനിവാസനെ മറ്റുള്ളവരുടെ മനോഭാവമാണ് ദു:ഖിപ്പിക്കുന്നത്. കല്യാണം പോലും നടക്കാത്ത വിധം ആളുകള്‍ മുടിയില്ലായ്മയെ പഴിക്കുമ്പോള്‍ സന്യാസത്തിലേക്ക് തിരിയാന്‍ വരെ ശ്രമിക്കുന്ന ശ്രീനിവാസനെയാണ് തമാശയില്‍ കണ്ടുമുട്ടുന്നത്.  

വളരെ ലളിതമായ ഒരാശയത്തെ അതിഭാവുകത്വമോ നാടകീയതയോ ഇല്ലാതെ സ്വാഭാവിക സംഭാഷണങ്ങളും രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അഷ്‌റഫ് ഹംസ 'തമാശ'യെ അവതരിപ്പിച്ചിരിക്കുന്നത്. ഉദ്വേഗം ഉണര്‍ത്തുന്ന കഥാഗതിയോ ട്വിസ്റ്റുകളോ ചിത്രത്തിലില്ല. മറിച്ച് ഒരു സാധാരണക്കാരന്റെ ലളിതമായ ജീവിതത്തെയും ജീവിത സന്ദര്‍ഭങ്ങളെയും പ്രേക്ഷകന് ചിരപരിചിതമായ ചുറ്റുപാടുകളുടെ പശ്ചാത്തലത്തില്‍ പൊട്ടിച്ചിരിക്കാനും ഹൃദയം നിറഞ്ഞ് പുഞ്ചിരിക്കാനും വക നല്‍കിക്കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ്. കഥാപാത്രങ്ങളുടെ വസ്ത്ര ധാരണത്തില്‍പ്പോലും സാധരണത്വം ആഘോഷിക്കപ്പെടുന്നുണ്ട്. മനുഷ്യജീവിതത്തിലെ അപ്രധാനമെന്ന് തോന്നുന്ന പല സന്ദര്‍ഭങ്ങളും സര്‍ഗാത്മകതയോടെ വെള്ളിത്തിരയിലക്ക് പകര്‍ത്തപ്പെടുമ്പോള്‍ പ്രേക്ഷക മനസ്സിന് ലഭിക്കുന്ന നിറവ് അനുപമാണ്. 'തമാശ' മെനഞ്ഞെടുത്തിരിക്കുന്നതും ആ വാര്‍പ്പിലാണ്. 

നന്‍മ നിറഞ്ഞ, സ്‌നഹം തുളുമ്പുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ തട്ടി ആശുപത്രിയിലാകുന്ന അപ്പൂപ്പന്റെ ആഗ്രഹം, അദ്ദേഹം ശ്രീനിവാസനൊപ്പം ആശുപത്രി കിടക്ക പങ്കിടുന്നത്, ശ്രീനിവാസന്റെ സുഹൃത്ത് റഹീമിന്റെ പ്രണയം, ശ്രീനിവാസന്റെ അച്ഛന്റെ ഭാവങ്ങളില്‍ നിറയുന്ന സ്‌നഹം, ചിന്നുവിന്റെ സ്വഭാവം എന്നിങ്ങനെ പ്രേക്ഷക മനസ്സില്‍ ഒരുപാട് നന്‍മയും സ്‌നേഹവും കോരിയിടുന്ന സന്ദര്‍ഭങ്ങളാല്‍ സമ്പന്നമാണ് തമാശ. ഒപ്പം തന്നെ ഒരാളുടെ സ്വകാര്യതയിലക്ക് തള്ളിക്കയറി അധിക്ഷേപവും പരിഹാസവും ചൊരിഞ്ഞ് ഒക്കെയും ഒരു തമാശയല്ലേയെന്ന മട്ടില്‍ ഇറങ്ങിപ്പോകുന്ന മനുഷ്യ സ്വഭാവത്തിന്റെ ക്രൂരത, ദേഷ്യമോ പരിഭവമോ ഇല്ലാതെ തന്നെ സിനിമ വെളിപ്പെടുത്തുന്നുണ്ട്.

പരദൂഷണമായും ഒളിച്ചും പാത്തുമുള്ള അധിക്ഷപ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ കടിഞ്ഞാണ്‍ അഴിച്ചുവിട്ടപോലെ വ്യക്തികളെ കടിച്ചുകൊടയുന്ന തരത്തിലേക്ക് മാറുന്ന സാഹചര്യവും അതിന് പിന്നിലെ ചോതോവികാരവുമാണ് തമാശ രണ്ടാം പകുതിയില്‍ വിഷയമാക്കുന്നത്. കനപ്പെട്ടതാണ് വിഷയം. പക്ഷ അവിടെയും നര്‍മ്മവും ലാളിത്യവും കൈവെടിഞ്ഞില്ല 'തമാശ'. 

സമൂഹത്തിന് മുമ്പില്‍ 'കെമിസ്ട്രി'യില്ലാത്ത ജോഡികളാണ് ചിന്നുവും ശ്രീനിവാസനും. എന്നാല്‍ അവരുടെ മനസ്സുകളുടെ കെമിസ്ട്രി എത്ര മനോഹരമാണ്! ഒരു സന്ദര്‍ഭത്തില്‍ ശ്രീനിവാസന്‍, ചിന്നുവിനോട് ദേഷ്യപ്പെട്ടതിന് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ദേഷ്യപ്പെട്ട കാര്യം പോയിട്ട് കൂടെ വന്നയാളെപ്പോലും മറന്ന്, ഇരുവരും സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞ് നടന്നുപോവുകയാണ്. കെമിസ്ട്രി പറഞ്ഞ് സമൂഹം പുകഴ്ത്തിയ പല ജോഡികളും പിണങ്ങിയ ശേഷം ഒരുമിക്കാന്‍ പാടുപെടുമ്പോഴാണ് ഇങ്ങിനെയൊരു സംഗമം 'തമാശ' കാണിച്ചുതരുന്നത്.

കൃത്യവും വ്യക്തവുമായ കഥാപാത്ര സൃഷ്ടിയിലും സിനിമ മികവ് കൈവരിച്ചിട്ടുണ്ട്. ശ്രീനിവാസന്‍, ചിന്നു (ചിന്നു ചാന്ദ്‌നി നായര്‍), റഹീം (നവാസ് വള്ളിക്കുന്ന്‌), ബബിത ടീച്ചര്‍, സഫിയ, ശ്രീനിവാസന്റെ കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളെയും സൂക്ഷ്മതയോടെ സൃഷ്ടിച്ചെടുത്തതാണെന്ന് വ്യക്തം. വിനയ് ഫോര്‍ട്ടിന്റെ അഭിനയ ചാരുത വെളിപ്പെടുത്തുന്ന കഥാപാത്രമാണ് ശ്രീനിവാസന്‍. സംസാരത്തിലും പെരുമാറ്റത്തിലും ഭാവങ്ങളിലുമെല്ലാം വിനയ്, ശ്രീനിവാസനായി മാറി. 

റഹീം എന്ന കൂട്ടുകാരന്റെ സാന്നിധ്യവും അങ്ങേയറ്റം ശ്രദ്ധിക്കപ്പെടുന്നു. നായക കഥാപാത്രത്തെ പിന്തുണച്ചുകൊണ്ട് മാത്രം നില്‍ക്കുന്ന കൂട്ടുകാരുടെ സംഘത്തില്‍പ്പെട്ടയാളല്ല റഹീം. അദ്ദേഹത്തിന് ഈ സിനിമയില്‍ അടയാളപ്പെടുത്താന്‍ സ്വന്തമായി ഒരു വ്യക്തിത്വമുണ്ട്. അദ്ദേഹത്തിന്റെ പ്രണയവും. അദ്ദേഹവും ഭാര്യയും തമ്മിലുള്ള സ്‌നേഹബന്ധവും മനസ്സ് നിറയ്ക്കും. ഭാര്യയുടെ ഒരു പ്രത്യേകതയെപ്പറ്റി തന്നോട് പറയാത്തതെന്തെന്ന് ശ്രീനിവാസന്‍ ചോദിക്കുമ്പോള്‍ പറയാന്‍ താന്‍ അതേക്കുറിച്ച് ഓര്‍ത്തിട്ട് വേണ്ടേ എന്നാണ് റഹീം പറയുന്നത്. 

ചിന്നുവെന്ന കഥാപാത്രം സിനിമ കഴിയുമ്പോഴും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സമൂഹത്തിന്റെ പരിഹാസങ്ങളെ അതിന്റെ പാട്ടിന് വിട്ട് സ്വന്തം ഇഷ്ടങ്ങളെ ബഹുമാനിച്ച് കൊണ്ട് ജീവിക്കുന്ന, മനസ്സ് നിറയെ സ്‌നേഹമുള്ള, എപ്പോഴും ഊര്‍ജ്ജസ്വലതയോടെ കഴിയുന്ന, കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണ് ചിന്നു. ചിന്നുവിന്റെ ശരീരത്തിന്റെ പ്രത്യേകതകള്‍ വെച്ച് അവളെ വെറുക്കാനൊരുമ്പെടുന്നവരെ സ്‌നേഹിപ്പിച്ചിട്ടേ തിയേറ്റര്‍ വിടാന്‍ 'സിനിമ' അനുവദിക്കൂ. 

അതീവ ശ്രദ്ധയോടെയാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ രംഗത്തില്‍, പഠിപ്പിക്കുന്ന സാറിന്റെ ചിത്രം നോട്ട് ബുക്കില്‍ വരയ്ക്കുന്ന ബാക്ക്‌ബെഞ്ചിലെ വിദ്യാര്‍ത്ഥിയില്‍ നിന്നും മുന്നോട്ട് നീങ്ങി മുന്‍ ബെഞ്ചുകളില്‍ അലസമായിരിക്കുന്ന വിദ്യാര്‍ത്ഥികളിലൂടെ കന്ന് സാറിലക്കെത്തുന്ന ആ ഒറ്റ ഷോട്ട് തന്നെ മനോഹരമായിരുന്നു. ഗ്രാമപ്രദേശങ്ങളുടെ പ്രകൃതി രമണീയത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ മനോഹരമായി ഒപ്പിയെടുത്തത് ഓരോ രംഗങ്ങള്‍ക്കും ഉണര്‍വും ജീവനും നല്‍കുന്ന വിധത്തിലാണ്. ശ്രീനിവാസനും റഹീമും കൂടി പുഴയുടെ തീരത്ത്‌, ഉയര്‍ന്ന് നില്‍ക്കുന്ന പുല്ലുകളില്‍ കാറ്റടിക്കുമ്പോള്‍ ഉയരുന്ന ശബ്ദം മാത്രമുള്ള അന്തരീക്ഷത്തിലിരുന്ന് ഹൃദ്യമായ ഭാഷയില്‍  സംസാരിക്കുന്ന രംഗമുണ്ട്. ആ അന്തരീക്ഷത്തിന്റെ കുളിര്‍മ്മയും ശാന്തതയും പ്രേക്ഷകനും അനുഭവവേദ്യമാകുന്ന വിധത്തില്‍ ചിത്രീകരിച്ചതിന് നന്ദി.

ഷഹബാസ് അമന്‍ പാടിയ 'ഞാന്‍ പാടി' എന്ന പാട്ടും അതിന്റെ രംഗങ്ങളും മനോഹരമാണ്. ശ്രീനിവാസനും ചിന്നുവും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്ന വരികളാണ് 'കാണുമ്പോള്‍ നിന്നെ' എന്ന പാട്ടിലുള്ളത്. ഇത്തരത്തില്‍ കഥാസന്ദര്‍ഭത്തോട് പറ്റിച്ചേര്‍ന്ന് കിടക്കുന്ന രീതിയിലാണ് ഗാനങ്ങളുടെ ക്രമീകരണം. 

'തമാശ' ഈ കാലത്തിനെന്നല്ല ഏത് കാലത്തിനും അത്യാവശ്യമായ ഒരു സിനിമയാണ്. കാരണം മനുഷ്യ മനസ്സില്‍ വേരുറച്ചുപോയ വികൃതമാക്കപ്പെട്ട മനോഭാവങ്ങളെ പിഴുതെറിയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. ആ ശ്രമത്തിനായി തിരഞ്ഞെടുത്ത പാതയാകട്ടെ തമാശയുടേതും. അതുകൊണ്ട് തന്നെ തമാശ സിംപിളാണ്, പവര്‍ഫുള്ളുമാണ്‌

 

Editors Choice