• 22 Aug 2019
  • 09: 44 AM
Latest News arrow

നഗ്നത സെന്‍സര്‍ ചെയ്യുന്നതിനെതിരെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് പൂര്‍ണ്ണ നഗ്നരായി പ്രതിഷേധം

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും സ്ത്രീകളുടെ കലാപരമായ നഗ്നത സെന്‍സര്‍ ചെയ്ത് നീക്കുന്നതിനെതിരെ പ്രതിഷേധം. സ്ത്രീകളും പുരുഷന്‍മാരും അടക്കം നൂറോളം പേര്‍ നഗ്നരായി ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ചു. 'വീ ദ നിപ്പിള്‍' എന്ന പേരിലാണ് പ്രതിഷേധം. അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും 'നാഷണല്‍ കോയലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും' ചേര്‍ന്നാണ് വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡില്‍ നഗ്നരായി കിടന്ന് മുലഞെട്ടിന്റെ ചിത്രം കൊണ്ട് സ്വന്തം സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്നത അനുവദിക്കില്ല. സമൂഹത്തില്‍ ചിലര്‍ക്ക് ഇത് സ്വീകാര്യമല്ല എന്ന കാരണമാണ് ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്.

'ഗ്രാബ് ദെം ബൈ ദ ബാലറ്റ്' എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തിന്റെ ഭാഗമായി. സ്ത്രീ ശരീരത്തിന്റെ കലാപരമായ നഗ്നത സെന്‍സര്‍ ചെയ്യുന്നത് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിര്‍ത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.