• 19 Sep 2019
  • 12: 26 AM
Latest News arrow

ലോകകപ്പ്: അവസാന സന്നാഹത്തിൽ മിന്നി ഇന്ത്യയും വിൻഡീസും; ഉദ്‌ഘാടനച്ചടങ്ങുകൾ ബുധനാഴ്ച രാത്രി; ആദ്യ മത്സരം വ്യാഴാഴ്ച

കാര്‍ഡിഫ്: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരത്തില്‍ വൻ വിജയവുമായി 'ടീം ഇന്ത്യ'. ബംഗ്ലാദേശിനെ 95 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടേറ്റ കനത്ത തോല്‍വിയില്‍ നിന്നും പാഠം പഠിച്ചാണ്  ഇന്ത്യ തിരിച്ചുവന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എംഎസ് ധോണിയുടെയും (113) ലോകേഷ് രാഹുലിന്റെയും (108) സെഞ്ച്വറികളുടെ മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 359 റണ്‍സ് എന്ന സ്‌കോർ നേടി. കോലി(47) ഹാര്‍ദിക് (11 പന്തില്‍ 22) എന്നിവരുടെ ബാറ്റിംഗും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി.

തുടർന്ന് ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെ മൂന്നു പന്ത് ബാക്കിനില്‍ക്കെ 264 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കി.  മുഷ്ഫിഖുര്‍ റഹീം (90), ലിറ്റണ്‍ ദാസ് (73) എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും  ബംഗ്ലാ നിരയില്‍ ശോഭിക്കാനായില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത  കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് ഇന്ത്യയുടെ  ജയം അനായാസമാക്കിയത്. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

ബ്രിസ്റ്റോളിൽ നടന്ന മറ്റൊരു സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ജയം നേടിയ ന്യുസീലന്‍ഡിനെ തകർത്തു. ന്യൂസിലന്‍ഡ് 91 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 49.2 ഓവറില്‍ 10 വിക്കറ്റിന് 421 റണ്‍സ് നേടിയപ്പോൾ ന്യൂസിലന്‍ഡ് 47.2 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്തായി. 86 പന്തില്‍ 101 റണ്‍സെടുത്ത ഷായ് ഹോപാണ് ടോപ് സ്‌കോറര്‍.

ഇതോടെ സന്നാഹ മത്സരങ്ങളെല്ലാം കഴിഞ്ഞു. നാളെയാണ്(30 ) 12-ാംലോകകപ്പിലെ ആദ്യ മൽസരം. ആതിഥേയരായ ഇംഗ്ലണ്ട്,  ദക്ഷിണാഫ്രിക്കയെയാണ് നേരിടുക.

ലോകകപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് (29) നടക്കും. ലണ്ടൻ ഒളിംപിക്സിലെ മാരത്തണ്‍ ഉള്‍പ്പെടെ നടന്ന, ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള  'ദ മാള്‍' റോഡിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ചടങ്ങ് ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല.

ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനമായ 'സ്റ്റാൻഡ് ബൈ' ഉള്‍പ്പെടെ ചടങ്ങില്‍ അവതരിപ്പിക്കും.   വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര്‍ക്ക് മാത്രമേ ഈ ഉദ്ഘാടന ചടങ്ങിലേക്ക് നേരിട്ട് ക്ഷണമുള്ളൂ.