• 19 Sep 2019
  • 12: 25 AM
Latest News arrow

തോക്ക് ചൂണ്ടി നടിയോട് വിവാഹാഭ്യര്‍ത്ഥന: യുവാവ് അറസ്റ്റില്‍

മുംബൈ: സിനിമാ നടിമാര്‍ക്ക് നേരെയുള്ള ആരാധകരുടെ ഭ്രാന്ത് പുതുമയല്ല. അതിനാല്‍ തന്നെ നടിമാരോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും നടിമാരുടെ വിവാഹച്ചടങ്ങുകളില്‍ ചെന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ആരാധകരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ മുംബൈയിലെ ഒരു ആരാധകന്‍ ഭോജ്പൂരി നടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് തോക്ക് ചൂണ്ടിക്കൊണ്ടാണ്.

മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഭോജ്പുരി നടി റിതു സിങ്ങിനു നേരെയാണ് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന. വിവാഹാഭ്യര്‍ഥനയുമായി നടിയുടെ മുറിയില്‍ അതിക്രമിച്ച് കയറിയ യുവാവ്  തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇയാളെ അറസ്റ്റ് ചെയ്തു. പങ്കജ് യാദവെന്ന 25 കാരനെയാണ് പിടികൂടിയത്.

ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിലേക്ക് പോകുകയായിരുന്ന  നടിയെ പിന്തുടര്‍ന്ന് എത്തിയ പങ്കജ് യാദവ് അതിക്രമിച്ച് മുറിയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന പിസ്റ്റൾ ചൂണ്ടി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. നടിയുടെ ബഹളം കേട്ടെത്തിയ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രക്ഷിക്കുന്നതിനിടയില്‍ വെടിയേല്‍ക്കുകയും ചെയ്തു. അശോക് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

എസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തിയാണ്  ഇയാളെ കീഴ്‌പ്പെടുത്തിയത്. നടിയുടെ പരാതിയില്‍ പങ്കജ് യാദവിനെതിരെ കേസെടുത്തു.