• 22 Aug 2019
  • 09: 43 AM
Latest News arrow

ഐഎസ് ഭീതി: കേരള-ലക്ഷദ്വീപ് തീരത്ത് കര്‍ശന സുരക്ഷ; കോസ്റ്റ് ഗാര്‍ഡ് കപ്പലുകൾ വിന്യസിച്ചു

കവരത്തി: ഐഎസ് ചാവേറുകള്‍ ശ്രീലങ്കയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം വരുന്നുവെന്ന സന്ദേശത്തെ തുടര്‍ന്ന് കേരള-ലക്ഷദ്വീപ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് കര്‍ശന സുരക്ഷയൊരുക്കി . ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപിനും ചുറ്റും കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. ഈ മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനങ്ങള്‍നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്. കോസ്റ്റ് ഗാര്‍ഡിനെ കൂടാതെ ഇന്ത്യന്‍ നാവികസേനയും തീരദേശ പൊലീസും കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മിനിക്കോയ് ദ്വീപ് കേന്ദ്രീകരിച്ചാണ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളുടെ തെരച്ചില്‍ നടക്കുന്നത്. മെയ് 23-ന് ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തീരത്ത് നിരീക്ഷണം ശക്തമാക്കിയത്. വെള്ള നിറമുള്ള ബോട്ടുകളില്‍ 15-ഓളം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്നായിരുന്നു ലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരം.

ലക്ഷദ്വീപ് തീരങ്ങളിൽ തീര സംരക്ഷണ സേനയുടെ കപ്പലുകള്‍ നിരീക്ഷണം ഊർജ്ജിതമാക്കിയതോടെ കേരള- തമിഴ്നാട് തീരത്തേക്ക് ഇവർ എത്താനുള്ള സാധ്യതയാണ് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസ് ഏജൻസികള്‍ കാണുന്നത്. കടലോര ജാഗ്രത സമിതി പ്രവർത്തകരും നിരീക്ഷണത്തിന് സഹായിക്കുന്നുണ്ട്.  ദുരൂഹസാഹചര്യത്തില്‍ കാണുന്ന ബോട്ടുകളെ നിരീക്ഷിക്കുകയും വിവരം അറിയിക്കുകയും വേണമെന്ന് കോസ്റ്റ് ഗാര്‍ഡും പൊലീസും മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.