• 19 Sep 2019
  • 12: 33 AM
Latest News arrow

'നന്ദ ഗോപാൽ കുമരൻ' അഥവാ 'എൻ ജി കെ' വരുന്നു

ചെന്നൈ: സൂര്യയുടെ പുതിയ ചിത്രം 'എൻ ജി കെ' മെയ് 31-നു ലോകമെങ്ങും പ്രദർശനത്തിനെത്തും. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായിപല്ലവിയാണ് നായിക. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് 'എൻ ജി കെ'.

സെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന 'എൻ ജി കെ'യെ  തമിഴ് സിനിമാ പ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സായി പല്ലവിക്ക് പുറമെ രകുൽ പ്രീത് സിംഗും നായികാവേഷത്തിലെത്തുന്നുണ്ട്. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ്, വേലാ രാമമൂർത്തി  തുടങ്ങിയവരും  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'നന്ദ ഗോപാൽ കുമരൻ' അഥവാ 'എൻ ജി കെ' എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ചിത്രത്തിൽ സൂര്യ പ്രത്യക്ഷപ്പെടുന്നത്. ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളും  മൂർച്ചയുള്ള സംഭാഷണങ്ങളും  കൊണ്ട്  സമ്പന്നമാണ് 'എൻ ജി കെ' എന്ന്  അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

സെൽവരാഘവൻ ആദ്യമായി സംവിധാനം ചെയ്ത 'കാതൽ കൊണ്ടേൻ' എന്ന സിനിമ കണ്ടതുമുതൽ അദ്ദേഹത്തിന്റെ ആരാധകനായി മാറിയ സൂര്യയുടെ ആഗ്രഹമായിരുന്നുവത്രേ ഒരു സെൽവ രാഘവൻ സിനിമയിൽ അഭിനയിക്കണമെന്നുള്ളത്.  സെൽവ രാഘവൻ സൂര്യയോട് മൂന്ന് കഥകൾ പറഞ്ഞിരുന്നു.  അതിൽ 'എൻ ജി കെ' സാമൂഹ്യ-രാഷ്ട്രീയ പ്രസക്തിയുള്ള പ്രമേയമായതു കൊണ്ട് ആദ്യം ചെയ്യാൻ സൂര്യ സമ്മതിക്കുകയായിരുന്നു.

ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവുമാണ് 'എൻ ജി കെ' നിർമ്മിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശിവകുമാർ വിജയൻ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന രംഗങ്ങളും നിർവ്വഹിക്കുന്നു. 

ചിത്രത്തിന്‍റെ ട്രെയിലർ ഒരു കോടിയോളം പേർ ഇതിനകം കണ്ടു കഴിഞ്ഞു.