• 22 Aug 2019
  • 09: 49 AM
Latest News arrow

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ 40 കിലോയുടെ കുറവ്; നാളെ സ്‌ട്രോങ് റൂം തുറക്കും

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തി. 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഇവ സ്‌ട്രോങ് റൂമില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തും.

ശബരിമലയിലെ ഭക്തര്‍ വഴിപാടിലൂടെയും കാണിക്കയിലൂടെയും  നൽകുന്ന  സ്വര്‍ണം, വെള്ളി എന്നിവ 4-എ രജിസ്റ്ററില്‍ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വര്‍ണം പിന്നീട് സ്‌ട്രോംങ് റൂമിലേയ്ക്ക് മാറ്റുമ്പോള്‍ അത് രജിസ്റ്ററിന്റെ എട്ടാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും, ഇത് സ്‌ട്രോംങ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല.

ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നാളെ പരിശോധന നടത്തുന്നത്. നാളെ 12 മണിക്കാണ് സ്‌ട്രോങ്ങ് റൂം മഹസര്‍ പരിശോധിക്കുക. 2017-ന് ശേഷം മൂന്ന് വര്‍ഷത്തെ വഴിപാടാണ് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്തത്. ആറന്മുളയില്‍ ഉള്ള സ്‌ട്രോങ് റൂം മഹസര്‍ ആണ് പരിശോധിക്കുക.