• 22 Aug 2019
  • 09: 43 AM
Latest News arrow

"മാധ്യമങ്ങളുടെ മുന്നില്‍ ആളാവണ്ട"- എംപിമാര്‍ക്ക് മോദിയുടെ ഉപദേശം

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംപിമാര്‍ക്ക് മോദിയുടെ ഉപദേശങ്ങള്‍. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി എംപിമാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയത്.

ജനപ്രതിനിധികള്‍ക്ക് ഭേദഭാവം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിർത്തണമെന്നും  ഭരണഘടന ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു. ''സേവനത്തേക്കാള്‍ വലിയ പ്രചോദനം ഇല്ല. നിങ്ങളുടെ നേതാവായി നിങ്ങളെന്നെ തിരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങള്‍ക്ക് തുല്യമാണ്''-  മോദി വ്യക്തമാക്കി.

മാധ്യമങ്ങളുമായി അടുപ്പം സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പ്രശസ്തിക്ക് വേണ്ടി കാര്യങ്ങള്‍ മുഴുവനായി മനസ്സിലാക്കാതെ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും എംപിമാരോട് ആവശ്യപ്പെട്ടു. രൂപീകരിക്കാന്‍ പോകുന്ന മന്ത്രിസഭയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ അത് വിശ്വസിക്കേണ്ടെന്നും, നിങ്ങള്‍ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ പിഎം ഓഫീസില്‍ നിന്ന് വിളി വരുമെന്നും മോദി പറഞ്ഞു. 

ഡല്‍ഹി വളരെ വ്യത്യസ്തമായ സ്ഥലമാണ്. ഇവിടെയെത്തിയാല്‍ പലരും നിങ്ങള്‍ക്ക് സമ്മാനങ്ങളുമായി കാണാനെത്തുമെന്നും ആദ്യം ചെറിയ സമ്മാനവുമായാണ് അവരെത്തുകയെന്നും  പിന്നീടത് വലുതാകുകയും ശേഷം അവരെ ഒഴിവാക്കാന്‍ കഴിയാത്തവിധത്തില്‍ ആകുമെന്നും മോദി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

വിഐപി സംസ്‌കാരം ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ അന്തരിച്ച മുന്‍ കേന്ദമന്ത്രി മനോഹര്‍ പരീക്കറെ മാതൃകയാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിച്ച മോദി, ന്യൂനപക്ഷങ്ങള്‍ പ്രതിപക്ഷത്ത് നിന്നും വഞ്ചിക്കപ്പെട്ടെന്നും നമുക്കത് തടയണമെന്നും ആവശ്യപ്പെട്ടു. 
"മതത്തിന്റെയും ജാതിയുടേയും വിവേചനങ്ങളൊന്നും കൂടാതെ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം. നമ്മള്‍ 130 കോടി ജനങ്ങള്‍ ഉണ്ട്. ഇതാണ് നമ്മുടെ ഉത്തരവാദിത്തവും നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും. എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം (സബ്കാ  സാത്ത്,  സബ്കാ വികാസ്, സബ്കാ വിശ്വാസ്). ഇതാണ് നമ്മുടെ മന്ത്രം. ഇന്ത്യയിലെ എല്ലാ പാൗരനും വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ഏറ്റവുമധികം വനിതാ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തിയ ചരിത്ര മുഹൂര്‍ത്തമാണ് ഇത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയുമധികം വനിതാ എംപിമാര്‍ പാര്‍ലമെന്റിലെത്തുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് ഇത് സാധ്യമായത്"-  മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.