• 22 Aug 2019
  • 09: 42 AM
Latest News arrow

രാജി തീരുമാനത്തിലുറച്ച് രാഹുല്‍; പിന്തുണച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ഈ തീരുമാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഐക്യകണ്‌ഠേന തള്ളിയെങ്കിലും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അല്‍പ്പം കൂടി സമയം കൊടുക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തില്‍ രാഹുല്‍ തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രാഹുലിനോട് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. 

അതേസമയം രാഹുലിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് സോണിയയും പ്രിയങ്ക ഗാന്ധിയും എടുത്ത നിലപാട്. രാഹുല്‍ രാജി വെച്ചാല്‍ തന്നെ മറ്റാര് ആ സ്ഥാനത്തേയ്ക്ക് വരണമെന്നായിരുന്നു അപ്പോള്‍ ഉയര്‍ന്ന ചോദ്യം. പ്രിയങ്കയുടെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ അത് തടഞ്ഞു. തന്റെ സഹോദരിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കണ്ടെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് ഉണ്ടാവേണ്ടതില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ അധ്യക്ഷനായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 8 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മാത്രമല്ല, ഗാന്ധി കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജി തീരുമാനത്തിലേക്ക് രാഹുല്‍ ഗാന്ധി എത്തിച്ചേര്‍ന്നത്.