• 22 Aug 2019
  • 09: 49 AM
Latest News arrow

ധാര്‍ഷ്ട്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം പിണറായിക്ക് കൊടുക്കണമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: ധാര്‍ഷ്ട്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന് കൊടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യാഥാര്‍ത്ഥ്യബോധത്തോടെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ വിലയിരുത്തണം. എന്നാല്‍ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

2004ല്‍ ഇതുപോലൊരു ജനവിധിയുണ്ടായപ്പോള്‍ അന്തസ്സുണ്ടെങ്കില്‍ രാജിവെച്ച് പോവണമെന്ന് ആന്റണിയോട് ആക്രോശിച്ചവരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ആ അവസ്ഥയുണ്ടായപ്പോള്‍ എന്താണ് ഇവര്‍ രാജിവെക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

പത്തനംതിട്ടയില്‍ ബിജെപി കാണിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യണം. എങ്ങിനെ മൂന്നാം സ്ഥാനത്തായെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായേ കുമ്മനത്തെ കണ്ടിട്ടുള്ളൂവെന്ന നിലപാടില്‍ മാറ്റമില്ല. രാഹുല്‍ ഗാന്ധി രാജി വയ്ക്കുന്ന പ്രശ്‌നമില്ല. കോണ്‍ഗ്രസില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

കേരളത്തിലെ 19 സീറ്റില്‍ ജയിച്ചിട്ടും ആലപ്പുഴയില്‍ മാത്രം തോറ്റ കാര്യം പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആലപ്പുഴ തോല്‍വിയെ കുറിച്ച് അന്വേഷിക്കും. പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പിന്നെ അവര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഷാനിമോള്‍ ജയിക്കേണ്ട സ്ഥാനാര്‍ത്ഥിയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.