• 22 Aug 2019
  • 09: 45 AM
Latest News arrow

ക്രിസ്റ്റഫര്‍ നോളന്റെ 'ടെനെറ്റി'ൽ ഡിംപിള്‍ കപാഡിയയും

ഹോളിവുഡിലെ പ്രമുഖ സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഹിന്ദി നടി ഡിംപിള്‍ കപാഡിയയും അഭിനയിക്കുന്നു. 'ടെനെറ്റ്' (Tenet) എന്ന ചിത്രത്തിലാണ് ഡിംപിള്‍ കപാഡിയ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന 'ടെനെറ്റ്'  അന്താരാഷ്ട്ര ചാരവൃത്തിയുടെ കഥയാണ് പറയുന്നത്. ജോൺ ഡേവിഡ് വാഷിംഗ്‌ടൺ, റോബർട്ട് പാറ്റിൻസൺ, എലിസബത്ത് ഡെബിക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ബാറ്റ്മാൻ ബിഗിൻസ്', 'ദ ഡാർക്ക് നൈറ്റ്', 'ദ ഡാർക്ക് നൈറ്റ് റൈസസ്', 'ഇൻസെപ്‌ഷൻ', 'ഇന്റർസ്റ്റെല്ലാർ', 'ഡണ്‍കിര്‍ക്' തുടങ്ങി ബോക്സ്ഓഫീസിൽ ശതകോടികൾ കൊയ്‍ത ചിത്രങ്ങളുടെ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളൻ. 'ടെനെറ്റി'ന്റെ തിരക്കഥ നോളന്റെതാണെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാൽ, 'ഇന്റര്‍സ്റ്റെല്ലാര്‍', 'ഡണ്‍കിര്‍ക്' എന്നീ സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തെ വാൻ ഹൊയ്‍തെമയാണ് 'ടെനെറ്റി'ന്റെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറഞ്ഞു. ഒന്നരമാസത്തെ  പരിശീലനത്തിന് ശേഷമാണ് ഡിംപിള്‍ കപാഡിയ ഓഡിഷനിൽ പങ്കെടുത്തതെന്നും മാനേജര്‍ പറഞ്ഞു. 

ക്രിസ്റ്റഫർ നോളനും ഭാര്യ എമ്മ തോമസും കൂടി നിർമ്മിക്കുന്ന ചിത്രം വാർണർ ബ്രദേഴ്സ് 2020 ജൂലൈ 17-ന്  റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.