• 16 Jun 2019
  • 11: 41 PM
Latest News arrow

ശൈലിയില്‍ ഒരുമാറ്റവും വരുത്തില്ലെന്നും രാജിവെക്കില്ലെന്നും പിണറായി വിജയന്‍

ശബരിമലവിഷയത്തിലെ സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം താല്‍ക്കാലികം മാത്രമാണെന്നും, പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരാജയത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന് പറഞ്ഞ അദ്ദേഹം തന്റെ ശൈലിയില്‍ ഒരുമാറ്റവും വരുത്തില്ലെന്നും വ്യക്തമാക്കി. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തും. ശബരിമല തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ല. ശബരിമല സ്വാധീനിച്ചിരുന്നെങ്കില്‍ അത് ബിജെപിക്ക് നേട്ടമാകുമായിരുന്നു. മോദി ഭരണം വരരുതെന്നാഗ്രഹിക്കുന്നവരായിരുന്നു നല്ലൊരു ശതമാനവും. മോദി വീണ്ടും വരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്ന ചിന്ത വന്നു. അമേഠിയിലെ പരാജയഭീതി മൂലമാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. പരാജയത്തിന്റെ എല്ലാ കാരണവും പരിശോധിക്കും. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ വിശ്വാസികള്‍ പൂര്‍ണമായി എല്‍ഡിഎഫിന് എതിരല്ലെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമല വിധി ഇപ്പോഴും നിലനില്‍ക്കുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് കാരണം സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകളാണെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. 

ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് യുഡിഎഫ് കേരളത്തില്‍ പ്രചരിപ്പിച്ചു. ഇത് ജനങ്ങളെ സ്വാധീനിച്ചു. എന്നാല്‍ ആര്‍എസ്എസിന് പ്രവേശിക്കാനാകാത്ത സംസ്ഥാനമായി ഇന്നും കേരളം നിലനില്‍ക്കുകയാണെന്ന് കോടിയേരി പറഞ്ഞു. 

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും ബിജെപിക്ക് ജയിക്കാന്‍ സാധിച്ചില്ല. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രവര്‍ത്തനമാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്തത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ നേട്ടം യുഡിഎഫിന് ലഭിച്ചു. ഇത് താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.