• 02 Mar 2021
  • 01: 30 AM
Latest News arrow

ആലത്തൂരിലെ മഹാറാണിയായി രമ്യാ ഹരിദാസ്

പാലക്കാട്: പരിഹാസങ്ങളോ വിവാദങ്ങളോ തെല്ലൊന്നും ഏല്‍ക്കാതെ ആലത്തൂരിലെ മഹാറാണിയായി രമ്യാ ഹരിദാസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ രമ്യ ജയിച്ചു കയറിയത്. ആലത്തൂരിലെ സിറ്റിങ് എംപിയായ പി.കെ ബിജുവിനെ മറികടന്നാണ് രമ്യ മുന്നിലെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിവാദമായ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആലത്തൂര്‍. രമ്യ ഹരിദാസിനെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പരാമര്‍ശം ഉന്നയിച്ചതൊന്നും രമ്യയുടെ വിജയത്തിന് കോട്ടം തട്ടിയില്ല. പാട്ടിലൂടെയും വൈകാരിക പ്രസംഗങ്ങളിലൂടെയും ആലത്തൂരില്‍ വേറിട്ട പ്രചാരണമായിരുന്നു രമ്യ കാഴ്ച്ച വെച്ചിരുന്നത്. പാട്ടിലൂടെ ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയില്ലെന്നും ഇത് ചാനല്‍ പരിപാടി മത്സരമല്ലയെന്നും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയാണ് ഈ വിജയമെന്ന് നിസംശ്ശയം പറയാം. 

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ പെട്ടെന്നാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. 
എല്‍.ഡി.എഫിന്റെ കുത്തകയായിരുന്ന ആലത്തൂരില്‍ പി.കെ ബിജുവിനെ പരാജയപ്പെടുത്താന്‍ രമ്യയ്ക്ക് ആവുമോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സംശയത്തിലായിരുന്നു. എന്നാല്‍ എല്ലാ സംശയത്തെയും കാറ്റില്‍ പറത്തി ആലത്തൂരിലെ റാണിയായി മാറിയ രമ്യ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും.